സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം ശനിയാഴ്ച :മികച്ച നടനാകാന്‍ മത്സരം ജയറാമും സുരാജ് വെഞ്ഞാറമ്മൂടും തമ്മില്‍

ja suതിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ശനിയാഴ്ച പ്രഖ്യാപിക്കും. സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന്റെ ചരിത്രത്തിലാദ്യമായി 85 ചിത്രങ്ങളാണു മത്സരത്തിനെത്തിയിരിക്കുന്നത്. പകുതിയിലേറെയും നിലവാരമില്ലാത്തവയെന്നാണു വിലയിരുത്തല്‍.
മികച്ച നടനുള്ള പുരസ്‌കാരത്തില്‍ ജയറാമും ദേശീയ പുരസ്‌കാരത്തിന് അര്‍ഹനായ സുരാജ് വെഞ്ഞാറമ്മൂടും തമ്മിലാണു മത്സരം. മികച്ച നടിക്കായുള്ള മത്സരത്തില്‍ നിരവധി പേരുണ്ട്. ദേശീയ അവാര്‍ഡിന്റെ പശ്ചാത്തലത്തില്‍ പരാതികളും വിവാദവും ഒഴിവാക്കിയുള്ള പ്രഖ്യാപനത്തിനാണു ജൂറിയുടെ ശ്രമം. രചനാ വിഭാഗം ജൂറിയെ വൈകി രൂപീകരിച്ചതിനാല്‍ പുസ്തകങ്ങള്‍ വിലയിരുത്താന്‍ വേണ്ടത്ര സമയമില്ലെന്നും ആരോപണമുണ്ട്. 2013 ല്‍ റിലീസു ചെയ്ത 158 ചിത്രങ്ങളില്‍ 85 എണ്ണവും സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിനായുള്ള മത്സരത്തിനെത്തി. ഇത്രയും ചിത്രങ്ങള്‍ മത്സരത്തിനെത്തുന്നത് ആദ്യമാണ്. ഭാരതിരാജ അധ്യക്ഷനായ ഏഴംഗ ജൂറിയാണു ചിത്രങ്ങള്‍ കണ്ടു വിലയിരുത്തുന്നത്. ഒരുദിവസം പത്തുമുതല്‍ 15 ചിത്രങ്ങള്‍ വരെ ജൂറി കണ്ടിരുന്നു. ഓസ്‌കര്‍ നോമിനേഷനു വേണ്ടി ചിത്രങ്ങള്‍ തെരഞ്ഞെടുക്കുന്ന റീജണല്‍ കമ്മിറ്റി ചെയര്‍മാനാണ് ഭാരതിരാജ. സംസ്ഥാന അവാര്‍ഡിനായി എത്തിയ ചിത്രങ്ങളില്‍നിന്ന് 24 എണ്ണം ഓസ്‌കറിനു വേണ്ടി ഭാരതിരാജ നേരത്തേ കണ്ടിരുന്നു. തുടര്‍ന്നു ചെന്നെയിലേക്കു മടങ്ങിയ അദ്ദേഹം തിരിച്ചെത്തിയ ശേഷമാണു മറ്റു ചിത്രങ്ങള്‍ കണ്ടത്. സ്വപാനം, നടന്‍ എന്നീ ചിത്രങ്ങളിലെ പ്രകടനത്തിനാണു ജയറാം പരിഗണിക്കപ്പെടുന്നത്. ദേശീയ പുരസ്‌കാരം സമ്മാനിച്ച പേരറിയാത്തവര്‍ എന്ന സിനിമയാണു സുരാജിനു പ്രതീക്ഷ നല്‍കുന്നത്. മോഹന്‍ലാല്‍ (ദൃശ്യം), ഫഹദ് ഫാസില്‍ (ആമേന്‍, അഞ്ചു സുന്ദരികള്‍ആമി), ഇന്ദ്രജിത്ത് (ആമേന്‍, ലെഫ്റ്റ് റൈറ്റ്), പൃഥ്വിരാജ് (മെമ്മറീസ്, മുംബൈ പൊലീസ്) എന്നിവരും മത്സരത്തിനുണ്ട്. നടിമാര്‍ക്കുള്ള മത്സരത്തില്‍ രമ്യ നമ്പീശനും റീനു മാത്യൂസുമാണു മുന്നില്‍. നടന്‍ സിനിമയിലെ നടിയുടെ വേഷം അവതരിപ്പിച്ചതിനാണു രമ്യ പരിഗണിക്കപ്പെട്ടത്. ഇമ്മാനുവല്‍, അഞ്ചു സുന്ദരികളിലെ കുള്ളന്റെ ഭാര്യ എന്നി ചിത്രങ്ങള്‍ റീനുവിന് സാധ്യത നല്‍കുന്നു. മീന(ദൃശ്യം), സ്വാതി റെഡ്ഡി (ആമേന്‍) എന്നിവരും മത്സരത്തിനുണ്ട്. ബാലതാരമായി മാസ്റ്റര്‍ സനൂപ് (ഫിലിപ്‌സ് ആന്‍ഡ് മങ്കിപെന്‍), മാസ്റ്റര്‍ ചേതന്‍, ബേബി ആതിര (ഇരുവരും അഞ്ചു സുന്ദരികളിലെ സേതുലക്ഷ്മി എന്ന ചിത്രത്തിന്), ബേബി എസ്തര്‍ (ദൃശ്യം) എന്നിവരും പരിഗണിക്കപ്പെട്ടു. മികച്ച ചിത്രമായി ദൃശ്യം, നടന്‍, സ്വപാനം, ആമേന്‍, ആര്‍ട്ടിസ്റ്റ്, കുഞ്ഞനന്തന്റെ കട, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, നോര്‍ത്ത് 24 കാതം എന്നിവ മത്സരത്തിനുണ്ട്. നാളെ രാവിലെ 10.45 നാണു അവാര്‍ഡു പ്രഖ്യാപനം.
സാധാരണ ചലച്ചിത്ര അവാര്‍ഡു നിര്‍ണയിക്കാനുള്ള ജൂറിക്കൊപ്പം തന്നെ സിനിമാസംബന്ധിയായ ഗ്രന്ഥങ്ങള്‍ വിലയിരുത്തുന്നതിനുള്ള ജൂറിയെയും പ്രഖ്യാപിക്കുകയാണു പതിവ്. എന്നാല്‍ കഴിഞ്ഞ 11 നാണു പുസ്തക അവാര്‍ഡിന് ഡോ. എം.ആര്‍. തമ്പാന്‍ അധ്യക്ഷനായ ജൂറി രൂപീകരിച്ചു സര്‍ക്കാര്‍ ഉത്തരവിറക്കിയത്. 12ന് ജൂറി അംഗങ്ങള്‍ക്കു 18 പുസ്തകങ്ങളും 30 ലേഖനങ്ങളും എത്തിച്ചുകൊടുത്തു. നാളെ പുരസ്‌കാരം പ്രഖ്യാപിക്കുന്നതിനു മുന്‍പു പുസ്തകങ്ങളും ലേഖനങ്ങളും വിലയിരുത്തി റിപ്പോര്‍ട്ടു നല്‍കാനാണു നിര്‍ദേശം.

KCN

more recommended stories