കൊറിയയിലെ കപ്പലപകടം : മൃതദേഹങ്ങള്‍ പുറത്തെടുത്തുതുടങ്ങി

koria

ജിന്‍ഡോ: ദക്ഷിണകൊറിയയില്‍ 352 വിദ്യാര്‍ഥികളുള്‍പ്പടെ 476 യാത്രക്കാരുമായി മുങ്ങിയ സിവോള്‍ എന്ന യാത്രക്കപ്പലിനുള്ളില്‍ കുടുങ്ങിയവരുടെ മൃതദേഹങ്ങള്‍ പുറത്തെടുത്തുതുടങ്ങി. ഞായറാഴ്ച മുങ്ങല്‍വിദഗ്ധര്‍ 19 മൃതദേഹങ്ങള്‍ പുറത്തെടുത്തു. ഇതോടെ 58 പേരുടെ മരണം സ്ഥിരീകരിച്ചു. 244 പേരെ ഇനിയും കണ്ടെത്താനുണ്ട്.

അതിനിടെ രക്ഷാപ്രവര്‍ത്തനം വേണ്ടവിധം നടക്കുന്നില്ലെന്ന് ആരോപിച്ച് കാണാതായവരുടെ രക്ഷിതാക്കള്‍ പ്രതിഷേധം തുടരുകയാണ്. കാണാതായവരില്‍ ആരും രക്ഷപ്പെടാന്‍ സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍.

ഇഞ്ചിയോണില്‍നിന്ന് വിനോദസഞ്ചാര ദ്വീപായ ജെജുവിലേക്ക് പോവുകയായിരുന്ന യാത്രക്കപ്പലാണ് ബുധനാഴ്ച അപകടത്തില്‍പ്പെട്ടത്. പ്രതികൂല കാലാവസ്ഥമൂലം രക്ഷാപ്രവര്‍ത്തകര്‍ കഴിഞ്ഞദിവസങ്ങളില്‍ ബോട്ടിനുള്ളിലേക്ക് പ്രവേശിക്കാനായിരുന്നില്ല.
കപ്പലിന്റെ അടിത്തട്ടിലെ അറയില്‍ ചില്ല് തകര്‍ത്താണ് രക്ഷാപ്രവര്‍ത്തകര്‍ പ്രവേശിച്ചത്. ജീവിച്ചിരിക്കുന്ന ആരേയും ബോട്ടിനകത്ത് കണ്ടെത്തിയില്ലെന്നും മരിച്ചവരില്‍ 23 കുട്ടികളാണെന്നും കോസ്റ്റ്ഗാര്‍!ഡ് വക്താവ് കിം ജി ഇന്‍ പറഞ്ഞു.

രക്ഷാപ്രവര്‍ത്തനം വൈകുന്നതിനെതിരെ രാജ്യത്ത് രോഷം പുകയുകയാണ്. യാത്രക്കാരുടെ ബന്ധുക്കള്‍ പ്രതിഷേധസമരത്തിലാണ്. ജിന്‍ഡോ ദ്വീപില്‍ നിന്ന് സിയോളില്‍ പ്രധാനമന്ത്രിയുടെ വീട്ടിലേക്ക് മാര്‍ച്ച നടത്താന്‍ പുറപ്പെട്ട നൂറോളം പേരെ പോലീസ് തടഞ്ഞു. യാത്രക്കാരുടെ ബന്ധുക്കള്‍ പലരും ജിന്‍ഡോ ദ്വീപില്‍ തമ്പടിച്ചിരിക്കുകയാണ്.

അധികൃതര്‍ കള്ളം പറയുകയാണെന്നും ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറുകയുമാണെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. നേരത്തേ ബന്ധുക്കളെ ആശ്വസിപ്പിക്കാന്‍ പ്രധാനമന്ത്രി ചുങ് ഹോങ്-വോന്‍ നേരിട്ടെത്തിയിരുന്നു. 200 കപ്പലുകളും 34 വിമാനങ്ങളും 600 മുങ്ങല്‍ വിദഗ്ധരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.

KCN

more recommended stories