രാജഗോപാലിന്റെ വോട്ട് എൽഡിഎഫിന്; യുഡിഎഫിന്റെ വോട്ടു ചോർന്നു

speaker keralaതിരുവനന്തപുരം∙ നിയമസഭാ സ്പീക്കർ തിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ ഒരു പ്രതിനിധി വിപ്പ് ലംഘിച്ച് എൽഡിഎഫ് സ്ഥാനാർഥി ശ്രീരാമകൃഷ്ണന് വോട്ടു ചെയ്തു. താൻ ആർക്കും വോട്ടു ചെയ്തില്ലെന്ന് സ്വതന്ത്ര എംഎൽഎ പി.സി.ജോർജ് സ്ഥിരീകരിച്ചതോടെയാണ് യുഡിഎഫിന്റെ വോട്ട് ചോർന്നുവെന്ന് വ്യക്തമായത്. ബിജെപി പ്രതിനിധി ഒ.രാജഗോപാലും താൻ എൽഡിഎഫിന് തന്നെയാണ് വോട്ടു ചെയ്തതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. സഭയിൽ യുഡിഎഫിന് 47 അംഗങ്ങളുണ്ടെങ്കിലും പ്രതിപക്ഷ സ്ഥാനാർഥിയായ കുന്നത്തുനാട് എംഎൽഎ വി.പി.സജീന്ദ്രന് ലഭിച്ചത് 46 വോട്ടു മാത്രമാണ്.  അതേസമയം, എൽഡിഎഫിന് രണ്ടു വോട്ട് അധികം ലഭിക്കുകയും ചെയ്തു. എൽഡിഎഫ്– 91, യുഡിഎഫ് – 47, ബിജെപി – 1, സ്വതന്ത്രൻ – 1 എന്നിങ്ങനെയാണ് സഭയിലെ യഥാർഥ അംഗബലം. പി.ശ്രീരാമകൃഷ്ണന് 92 വോട്ടും സജീന്ദ്രന് 46 വോട്ടുമാണ് ലഭിച്ചതെന്നിരിക്കെയാണ് വോട്ടു മറിഞ്ഞതായി വ്യക്തമായത്. എൽഡിഎഫ് പ്രതിനിധിയായ പ്രോടെം സ്പീക്കർ എസ്.ശർമ വോട്ട് ചെയ്തില്ല. ഈ പശ്ചാത്തലത്തിൽ അവർക്ക് ലഭിക്കേണ്ടിയിരുന്നത് 90 വോട്ടുകളാണ് എന്നിരിക്കെയാണ് യഥാർഥത്തിൽ 92 വോട്ടു ലഭിച്ചത്. ഇതോടെ എൽഡിഎഫിന് അധികം ലഭിച്ച വോട്ടുകളിൽ ഒന്ന് യുഡിഎഫ് അംഗത്തിന്റേതും മറ്റൊന്ന് ബിജെപി പ്രതിനിധി ഒ.രാജഗോപാലിന്റേതുമാണെന്ന് വ്യക്തമായി. ഒരു മുന്നണിയെയും പിന്തുണയ്ക്കില്ലെന്നും തികച്ചും സ്വതന്ത്രനായിരിക്കും എന്നും ജോർജ് വോട്ടെടുപ്പിന് മുൻപേ വ്യക്തമാക്കിയിരുന്നു. ഇരു മുന്നണികൾക്കുമെതിരെ നിലകൊള്ളും എന്നായിരുന്നു ബിജെപി എംഎൽഎ ഒ.രാജഗോപാലിന്റെ പ്രതികരണം. എങ്കിലും വോട്ടെടുപ്പിൽ അദ്ദേഹം എൽഡിഎഫ് പ്രതിനിധിയെ പിന്തുണച്ചു. എന്നാൽ, ഒ.രാജഗോപാലിന്റെയും പി.സി.ജോർജിന്റെയും പിന്തുണ വേണ്ട എന്നാണ് ഒരേസമയം എൽഡിഎഫും യുഡിഎഫും സ്വീകരിച്ച നയം.

KCN

more recommended stories