35 വര്‍ഷങ്ങള്‍ക്ക് മുമ്പ് തെരുവില്‍ ആക്രി പെറുക്കി ; ഇന്ന് കോടീശ്വരി

aakri copy

തെരുവായ തെരുവൊക്കെ നടന്ന് ആക്രിപെറുക്കുമ്പോള്‍ മഞ്ജുളയ്ക്ക് 5 രൂപ കിട്ടും. ഒരു കുടുംബത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം ചുമലില്‍ വഹിക്കുന്ന സ്ത്രീക്ക് അന്നത്തെ അഞ്ചു രൂപ വലുതായിരുന്നു. 35 വര്‍ഷങ്ങള്‍ക്ക് മുമ്പ് ദിവസേന അഞ്ചു രൂപ സമ്പാദിക്കാന്‍ കഷ്ടപ്പെട്ടിരുന്ന മഞ്ജുള ഇന്ന് കൈകാര്യം ചെയ്യുന്നത് കോടികളാണ്. 1981 ല്‍ എലാബന്‍ ഭട്ട് എന്നയാളെ കണ്ടുമുട്ടിയതോടെയാണ് മഞ്ജുളയുടെ തലേവര തെളിഞ്ഞത്. സെല്‍ഫ് എംപ്ലോയിഡ് വുമണ്‍സ് അസോസിയേഷന്‍ സ്ഥാപകനായ എലാബന്‍ ഭട്ട് ആണ് തെരുവില്‍ ആക്രിപെറുക്കുന്നത് നിര്‍ത്തി സ്വന്തമായി എന്തെങ്കിലും സംരംഭം തുടങ്ങാന്‍ മഞ്ജുളയോട് പറയുന്നത്. ക്ലീനിങ് സര്‍വീസ് നടത്തുന്ന ഒരു പെണ്‍കൂട്ടായ്മ രൂപീകരിക്കാനായിരുന്നു അദ്ദേഹത്തിന്റെ നിര്‍ദേശം. അതേത്തുടര്‍ന്നാണ് ശ്രീ സൗന്ദര്യ സഫായ് ഉത്ഘര്‍ഷ് മഹിളാ സേവാ ശഘരി മണ്ഡലി എന്ന കൂട്ടായ്മ മഞ്ജുള രൂപീകരിച്ചത്. ആക്രിപെറുക്കുന്ന 40 ആളുകളെവെച്ചാണ് മഞ്ജുള ഇത് ആരംഭിച്ചത്. അഞ്ചുവര്‍ഷം കൊണ്ട് ഈ കൂട്ടായ്മയ്ക്ക് അധികാരികളുടെ പക്കല്‍ നിന്ന് രജിസ്‌ട്രേഷന്‍ നേടിയെടുക്കാന്‍ മഞ്ജുളയ്ക്ക് കഴിഞ്ഞു. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിലായിരുന്നു ഈ കൂട്ടായമയുടെ ആദ്യത്തെ സേവനം. തുടര്‍ന്ന് ഫിസിക്കല്‍ റിസേര്‍ച്ച് ലബോറട്ടറി, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് അഹമ്മദാബാദ് എന്നിവിടങ്ങളിലൊക്കെ ശുചിത്വ സന്ദേശവുമായി ഇവരെത്തി. ഉല്‍പന്നം വിറ്റഴിക്കലിലൂടെയല്ല മറിച്ച് സേവനം ആവശ്യമുള്ളവരെ തേടിപ്പിടിച്ച് അവിടെ ക്ലീനിങ് സര്‍വീസ് നടത്തിയാണ് അവര്‍ കോടികള്‍ കൈകാര്യം ചെയ്യുന്ന ഒരു ക്ലീനിങ് സര്‍വീസ് കൂട്ടായ്മയുടെ തലപ്പത്തിരിക്കുന്നത്. ഇന്ന് 400 ഓളം അംഗങ്ങളാണ് ഈ കൂട്ടായ്മയിലുള്ളത് അവരില്‍ ഭൂരിപക്ഷവും മഞ്ജുളയെ പോലെ തെരുവില്‍ ആക്രിപെറുക്കി നടന്നവര്‍ തന്നെയാണ്. ഏകദേശം 45 ഓളം സ്ഥാപനങ്ങളാണ് ഇവരുടെ ക്ലിനിങ് സര്‍വീസ് പ്രയോജനപ്പെടുത്തുന്നത്. 35 വര്‍ഷങ്ങള്‍ക്ക് മുമ്പ് കീറച്ചാക്കുമായി തെരുവുതോറുമലഞ്ഞ് ആക്രിപെറുക്കിയിരുന്നവര്‍ ഇന്ന് ഹൈടെക് ഉപകരണങ്ങളുപയോഗിക്കാനുള്ള പരിശീലനം നേടിയാണ് ക്ലീനിങ് സര്‍വീസിന്റെ ഭാഗമായത്. വാക്വം ക്ലീനറുകളും, മൈക്രോ ഫൈബര്‍ മോപ്പുകളും, കാര്‍പെറ്റ് ഷാമ്പൂവിങ് മെഷീനുകളുമടക്കമുള്ള ആധുനീക ഉപകരണങ്ങളാണ് ഇന്നിവര്‍ കൈകാര്യം ചെയ്യുന്നത്. ഇനിയും ഒരു ലക്ഷ്യംകൂടി മഞ്ജുളയ്ക്കുണ്ട്. നിരക്ഷരരായ സ്ത്രീകളെ കംപ്യൂട്ടര്‍ ടെക്‌നോളജി പഠിപ്പിക്കണം.അവര്‍ക്ക് ഇടെന്‍ഡറിങ് പ്രോസസിനെക്കുറിച്ച് ധാരണയുണ്ടാവാനാണിതെന്നാണ് മഞ്ജുളയുടെ പക്ഷം. 35 വര്‍ഷങ്ങള്‍ക്ക് മുമ്പ് തെരുവില്‍ ആക്രിപെറുക്കി നടന്ന മഞ്ജുള ഇന്ന് കോടികള്‍ വാര്‍ഷിക വരുമാനമുള്ള ഒരു കൂട്ടായ്മയുടെ തലപ്പത്തുവരെ എത്തി നില്‍ക്കുന്ന കഥകള്‍ ഒരു ഫേസ്ബുക് കമ്മ്യൂണിറ്റിയിലൂടെയാണ് പങ്കുവെച്ചത്.

KCN

more recommended stories