അജ്ഞാത സംഘം ആക്രമിച്ച വീഴ്ത്തി എഴുന്നേല്‍ക്കാന്‍ പോലുമാവാത്ത സമീറിനെ ഭാര്യ ചുമന്നുകൊണ്ടുപോകുന്നു

Orange big copyഇത് വല്ലാത്തൊരു നൊമ്പര ചിത്രമാണ്. ഊര്‍ജ്ജ സ്വലതയോടെ ഓടിനടക്കേണ്ട യുവത്വത്തില്‍ കുക്കാറിലെ സമീറെന്ന യുവാവിനെ ഭാര്യ ചുമന്നു നടക്കുന്നു. ടോയ്‌ലറ്റിലേക്കും കട്ടിലിലേക്കുമെല്ലാം താങ്ങി പിടിച്ചുവേണം കൊണ്ടുപോകാന്‍…ഒരു യുവാവിന്റെ ശരീരഭാരം താങ്ങാന്‍പോലുമാവാതെ അവള്‍ക്ക് പലപ്പോഴും ബാലന്‍സ് തെറ്റിപ്പോകുന്നു…

2014ലാണ് സമീറിന്റെ ജീവിതം തകിടം മറിഞ്ഞുപോയത്…ഉപ്പിനങ്ങാടിയില്‍ നിന്ന് നാട്ടിലേക്കുള്ള യാത്രക്കിടയില്‍ മംഗലാപുരത്തെത്തിയപ്പോള്‍ ബിസി റോഡില്‍ വെച്ച് ഒരു സംഘം പിന്തുടര്‍ന്നു…പമ്പ്‌വെല്ലിലെത്താറായപ്പോള്‍ വാഹനത്തിന് കുറുകെ തടസ്സം സൃഷ്ടിച്ച അവര്‍ സമീറിനെ തലങ്ങും വിലങ്ങും അക്രമിച്ചു…മരിച്ചെന്ന് കരുതി സംഘം തിരിച്ചുപോയപ്പോള്‍ ഇത്തിരി ശ്വാസം ബാക്കിയുണ്ടായിരുന്നു…ജീവന്റെ ആ തുടിപ്പുമായി ആരോ അവനെ ആശുപത്രിയിലെത്തിച്ചു…പിന്നെ ബോധമില്ലാത്ത മൂന്ന് മാസങ്ങള്‍ മംഗലാപുരം ആശുപത്രി കിടക്കയിലായിരുന്നു സമീര്‍…മൂന്ന് മാസം കഴിയുമ്പോള്‍ ബോധം തെളിഞ്ഞുവെങ്കിലും സംസാരശേഷി തിരിച്ചുകിട്ടിയത് പിന്നെയും എത്രോയ മാസങ്ങള്‍ കഴിഞ്ഞാണ്.
ഇന്നും ശരിക്കൊന്ന് സംസാരിക്കാനാവാതെ ഇരുന്ന ഇരിപ്പില്‍ സമീര്‍ കണ്ണീര്‍ വാര്‍ക്കുകയാണ്…
ഒരു ഭാര്യ എന്താണെന്നും അവളുടെ സഹന ശക്തിക്ക് സമാനമായ മറ്റൊന്നില്ലെന്നും സമീറിന്റെ ഭാര്യ സുഹ്‌റ ജീവിതത്തിലൂടെ കാണിച്ചു തരികയാണിവിടെ…
രണ്ടു മുറികള്‍ മാത്രമുള്ള വാടക റൂമിന്റെ അസൗകര്യങ്ങള്‍ നിറഞ്ഞ അകത്തളങ്ങളില്‍ സമീറിന്റെ ഓരോ ചലനങ്ങള്‍ക്കും സുഹ്‌റയുടെ സഹായം വേണം…
ടോയ്‌ലറ്റിലേക്ക് കൊണ്ടുപോയി പ്രഥമികാവശ്യങ്ങള്‍ നിറവേറ്റികൊടുക്കുന്നതും കുളിപ്പിക്കുന്നതും ഭക്ഷണം വായയിലിട്ടുകൊടുക്കുന്നതുമെല്ലാം സുഹ്‌റയാണ്…
ജീവിക്കാന്‍ ഒരു മാര്‍ഗ്ഗവുമില്ലാതായതോടെയാണ് സുഹ്‌റ തൊട്ടടുത്ത ഒരു പര്‍ദ്ധഷോപ്പില്‍ ജോലിക്ക് പോകാന്‍ തുടങ്ങിയത്…രാവിലെ ഭര്‍ത്താവിന് ഭക്ഷണമൊക്കെ വായിലിട്ട് കൊടുത്ത് കുളിപ്പിച്ച് കിടത്തി മക്കളെയെല്ലാം ഒരുക്കി സ്‌കൂളിലേക്ക് അയച്ചാണ് അവരുടെ യാത്ര…തിരിച്ചു വന്ന് വീണ്ടും കുളിപ്പിക്കണം ഭക്ഷണം നല്‍കണം.
മൂവായിരം രൂപയാണ് സുഹ്‌റയ്ക്ക് ഒരു മാസം ലഭിക്കുന്ന ശമ്പളം, ഇതില്‍ രണ്ടായിരം രൂപ റൂം വാടക നല്‍കണം, ബാക്കി ആയിരം രൂപയില്‍ അരിയും മറ്റു സാധനങ്ങളും വാങ്ങും…സമീറിന് ചികിത്സയ്ക്കാവശ്യമായ ആയിരത്തി അഞ്ഞൂറ് രൂപ വേറേ എങ്ങനെയെങ്കിലും കടം വാങ്ങണം.
എത്ര കൂട്ടിഗുണിച്ചാലും അവരുടെ കണക്ക് ഒരിക്കലും ഒത്തുവരുന്നില്ല…പിന്നെയും കടങ്ങള്‍ ബാക്കിയാവും…
ഉപ്പയെ ഉമ്മ എടുത്തു പോകുമ്പോള്‍ ഒന്ന് സഹായിക്കാന്‍ പോലുമാവാതെ കൊച്ചു കുട്ടികളായ ഷംജാദ് അലിയും ഷാനിബും ഷാസും ഇഷാന്‍ അലിയും ഷാമിലും പകച്ചൊരു നോട്ടം നോക്കികൊണ്ടിരിക്കും…
കുഞ്ഞുപ്രായത്തില്‍ പോലും അവര്‍ക്ക് ചിരിക്കാനാവുന്നില്ല…ഉപ്പ എന്നുള്ളത് അവര്‍ക്ക് കളികോപ്പും മിഠായിമായി വരുന്ന ഒന്നല്ല, ഒരു സങ്കടം നിറയുന്ന ചിത്രം മാത്രമാണ്….ഉമ്മ എന്നത് താരാട്ടുപാടുന്ന മാതൃ ഹൃദയത്തിനുമപ്പുറം കരഞ്ഞു കരഞ്ഞ് മുഖം വാടിപോയ ഒരു സ്ത്രീ രൂപം മാത്രമാണ്…
എപ്പോഴെങ്കിലും എഴുന്നേറ്റ് നടക്കാന്‍ കഴിയുമെന്ന പ്രതീക്ഷ തന്നെയാണ് സമീറിനെ ഇപ്പോഴും ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത്…മംഗല്‍പ്പാടി സ്‌കൂളിന് സമീപം കുക്കാറിലെ അസൗകര്യങ്ങള്‍ നിറഞ്ഞ വാടകമുറിയിലിരുന്ന് കരയുമ്പോഴും സമീറിന്റെയും ഭാര്യ സുഹ്‌റയുടെയും ഉള്ളില്‍ പ്രതീക്ഷയുടെ നേരിയ കിരണം ബാക്കിയുണ്ട്…സര്‍ക്കാറില്‍ നിന്ന് കിട്ടിയ മൂന്ന് സെന്റ് സ്ഥലത്ത് ഒരു വീട് നിര്‍മ്മിക്കണം, എന്നാല്‍ ഇന്നത്തെ അവസ്ഥയില്‍ ഒരു വീട് പോയിട്ട് പുതിയൊരു വാടക മുറിപോലും അവര്‍ക്ക് സങ്കല്‍പ്പിക്കാനാവുന്നില്ല…പക്ഷെ നന്മ വറ്റാത്ത മനുഷ്യര്‍ തങ്ങളുടെ ദുരിതം കാണും എന്നു തന്നെയാണ് അവരുടെ വിശ്വാസം…
അപ്പോഴും ഉപ്പയ്ക്കരികിലിരുന്ന് ആ കുഞ്ഞുമക്കള്‍ ഓമനത്വം തുളുമ്പുന്ന മുഖത്തോടെ പകച്ചുനോക്കുകയാണ്…കളിക്കോപ്പും നല്ല ഭക്ഷണങ്ങളും വേണ്ടുവോളം ആസ്വദിക്കേണ്ട പ്രായത്തില്‍ ആ പൊന്നോമനകള്‍ അതിനൊന്നും ഭാഗ്യമില്ലാതെ ജീവിക്കുന്നു…. സത്യം, കണ്ടാല്‍ കരഞ്ഞുപോകുന്ന കാഴ്ചയാണിത്…

 

 

KCN

more recommended stories