ഓഗസ്റ്റ് മുതല്‍ വിമാനടിക്കറ്റ് റദ്ദാക്കലിന് ചെലവ് കുറയും

aeroplaneഓഗസ്റ്റ് ഒന്നുമുതല്‍ വിമാനടിക്കറ്റ് റദ്ദാക്കലിന് ചെലവ് കുറയും. ടിക്കറ്റ് റദ്ദാക്കാന്‍ അധികനിരക്ക് ഈടാക്കാന്‍ പാടില്ലെന്ന് വ്യോമയാന ഡയറക്ടറേറ്റ് ജനറലിന്റെ ഉത്തരവ് വ്യക്തമാക്കുന്നു.

വിമാനയാത്രക്കാര്‍ക്ക് സന്തോഷം പകരുന്ന ഉത്തരവാണ് വ്യോമയാന ഡയറക്ടറേറ്റ് ജനറലിന്റെ ഭാഗത്ത് നിന്നുമുണ്ടായിരിക്കുന്നത്. നിലവില്‍ വിമാനടിക്കറ്റ് റദ്ദാക്കുന്നതിന് അധിക തുക വിമാനക്കമ്പനികള്‍ ഈടാക്കുന്നത് വ്യാപകപ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. സമീപകാലത്താണ് പല വിമാനകമ്പനികള്‍ ഇത്തരം നടപടികള്‍ സ്വീകരിച്ചത്. വിമാനയാത്രക്കാരുടെ ഈ പരാതി പരിഹരിക്കുന്നതിനാണ് അധികൃതര്‍ നടപടി സ്വീകരിച്ചത്. ഓഗസ്റ്റ് ഒന്നുമുതല്‍ അടിസ്ഥാനനിരക്കും, ഇന്ധന സര്‍ചാര്‍ജ്ജും ചേര്‍ന്ന തുകയിലും കൂടുതല്‍ വിമാനടിക്കറ്റ് റദ്ദാക്കലിന് ഈടാക്കരുതെന്ന് ഉത്തരവില്‍ പറയുന്നു. വിമാനടിക്കറ്റ് റദ്ദാക്കലിന് പരിധി നിശ്ചയിച്ചതിന് സമാനമായി റീഫണ്ട് നടപടികള്‍ക്ക് അധിക തുക ചുമത്തുന്നതും വിലക്കി. വിമാനടിക്കറ്റ് റദ്ദാക്കുന്ന മുറയ്ക്ക് ടിക്കറ്റില്‍ ഏര്‍പ്പെടുത്തിയിരുന്ന എല്ലാ നിയമപരമായ നികുതികളും, യൂസര്‍ ഡെവലപ്പ്‌മെന്റ് ഫീയും, എയര്‍പോര്‍ട്ട് ഡെവലപ്പ്‌മെന്റ് ഫീയും വിമാനക്കകമ്പനികള്‍ യാത്രക്കാര്‍ക്ക് മടക്കിനല്‍കണം. എല്ലാവിഭാഗത്തിലുളള ടിക്കറ്റുകള്‍ക്കും ഇത് ബാധകമായിരിക്കുമെന്ന് ഡിജിസിഎയുടെ ഉത്തരവില്‍ പറയുന്നു.

യാത്രാസൗഹൃദാന്തരീക്ഷം സ്യഷ്ടിക്കുന്നതിന്റെ ഭാഗമായി ജൂണില്‍ വ്യോമയാനമന്ത്രാലയം സമാനമായ നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് ഡിജിസിഎയുടെ നടപടി. മേഖലയില്‍ സുതാര്യത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് നടപടി സ്വീകരിച്ചതെന്ന് വ്യക്തമാക്കിയ ഡിജിസിഎ, ടിക്കറ്റില്‍ ഇത്തരം വിവരങ്ങള്‍ രേഖപ്പെടുത്തണമെന്നും നിര്‍ദേശിച്ചു. റീഫണ്ട് തുക വിമാനക്കമ്പനികള്‍ അതാത് വെബ്‌സൈറ്റുകളില്‍ പ്രസിദ്ധീകരിക്കണമെന്നതാണ് വ്യോമയാന ഡയറക്ടറേറ്റ് ജനറലിന്റെ ഉത്തരവിലെ മറ്റൈാരു സുപ്രധാന നിര്‍ദേശം.

KCN

more recommended stories