വിവാദ പ്രസംഗം: ഖേദം പ്രകടിപ്പിച്ച് ബാലകൃഷ്ണ പിള്ള; ശബ്ദരേഖയ്ക്ക് പിന്നില്‍ ഗൂഢാലോചന

homstyle new copyകൊല്ലം: വിവാദ പ്രസംഗത്തില്‍ വിശദീകരണവുമായി കേരളാ കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണ പിള്ള. താന്‍ മുസ്‌ലിം വിരുദ്ധനായ വ്യക്തി അല്ലെന്നും ശബ്ദ രേഖയ്ക്ക് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ബാലകൃഷ്ണ പിള്ള പറഞ്ഞു. പുറത്തു വന്ന ശബ്ദരേഖയില്‍ കൃത്രിമം നടന്നിട്ടുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. അതേസമയം തന്റെ പ്രസംഗം ആര്‍ക്കെങ്കിലും വിഷമം ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നതായും പിള്ള പറഞ്ഞു.

പ്രത്യേകം വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് ബാലകൃഷ്ണ പിള്ള തന്റെ ഭാഗം വിശദീകരിച്ചത്. മതേതരത്വം ജീവിതത്തില്‍ പകര്‍ത്തിയ വ്യക്തിയാണ് താനെന്ന് പിള്ള അഭിപ്രായപ്പെട്ടു. വര്‍ഷത്തില്‍ അഞ്ചുതവണ താന്‍ പള്ളിയില്‍ പോകാറുണ്ട്. ബാങ്ക് വിളി നായകുര പോലെ ആണെന്ന് പറയാന്‍ തനിക്ക് വട്ടില്ല. പ്രസംഗം വിവാദമാക്കിയതില്‍ താന്‍ അങ്ങേയറ്റം ദുഖിതനാണെന്ന് പിള്ള പറഞ്ഞു. ശബ്ദ രേഖയ്ക്ക് പിന്നിലെ ഗൂഢാലോചനക്കാരെ അറിയാമെന്നും എന്നാല്‍ പുറത്തു പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വ്യക്തിപരമായി ചോദിച്ചാല്‍ വെളിപ്പെടുത്താമെന്നും പിള്ള പറഞ്ഞു.

ന്യൂനപക്ഷങ്ങളെ വാക്കുകൊണ്ടോ പ്രവര്‍ത്തികൊണ്ടോ താന്‍ എതിര്‍ത്തിട്ടില്ല. ഇനി എതിര്‍ക്കുകയുമില്ല. മുസ് ലിങ്ങള്‍ക്ക് വേണ്ടി അവരുടെ ഏത് ആവശ്യത്തിനും ഒരു വക്താവായി പ്രവര്‍ത്തിച്ച ആളാണ് താന്‍. തനിക്ക് മക്കയില്‍ പോകാന്‍ കഴിയാത്തതിനാല്‍ പണം മുടക്കി മറ്റൊരാളെ ഹജ്ജിന് അയച്ചിട്ടുണ്ട്. വേറെ എന്ത് പറഞ്ഞാലും തന്നെ ന്യൂനപക്ഷ വിരുദ്ധനെന്ന് ചികത്രീകരിക്കരുത്. പിള്ള അഭിപ്രായപ്പെട്ടു.

തിരുവനന്തപുരത്ത് പാര്‍ട്ടി ഓഫീസില്‍ താമസിക്കുമ്പോള്‍ പട്ടികളുടെ കുരയും കടിയും ഒക്കെ കാണാറുണ്ട്. ഇത് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കോടതികള്‍ ഇതിന് പരിഹാരം കാണണമെന്നാണ് താന്‍ പറഞ്ഞത്. ഇതിനെ ബാങ്ക് വിളിയോട് കൂട്ടിച്ചേര്‍ത്ത് എഡിറ്റ് ചെയ്തു. ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്ന കാര്യം തീരുമാനിക്കേണ്ടത് കോടതിയല്ലെന്ന് പറഞ്ഞത് ശരിയാണ്. അത് കോടതി തീരുമാനിച്ചാല്‍ മുസ്ലിം സ്ത്രീകളുടെ പള്ളി പ്രവേശനത്തിലും ഇത് ബാധകമാകും. അങ്ങനെ വന്നാല്‍ അതില്‍ മൗലികാവകാശത്തിന്റെ പ്രശ്‌നം വരും. ഇത് താന്‍ നേരത്തെയും പറഞ്ഞിട്ടുള്ളതാണ്. ഹിന്ദു പെണ്‍കുട്ടികളുടെ വിവാഹങ്ങള്‍ വീട്ടുകാര്‍ പറയുന്നത് പോലെ പാരമ്പര്യം അനുസരിച്ച് നടക്കുന്നതാണ് നല്ലതെന്ന് താന്‍ പറഞ്ഞു.

തന്റെ പ്രസംഗം എഡിറ്റ് ചെയ്ത് കൂട്ടിച്ചേര്‍ത്തതാണെന്ന് പിള്ള ആരോപിച്ചു. കരയോഗത്തിന്റെ നാലുചുവരുകള്‍ക്കുള്ളിലെ പ്രസംഗം ആരും റിപ്പോര്‍ട്ട് ചെയ്യാറില്ല. പുറത്തുവന്ന ശബ്ദ രേഖയിലെ ചിലകാര്യങ്ങള്‍ താന്‍ പറഞ്ഞിട്ടുള്ളതാണ്. എന്നാല്‍ വിവാദമായ പല പ്രസ്താവനകളും എഡിറ്റ് ചെയ്ത് കൂട്ടിച്ചേര്‍ത്തിരിക്കുകയാണ്. ഒരുമണിക്കൂര്‍ 25 മിനിട്ട് ഞാന്‍ പ്രസംഗിച്ചു. എന്നാല്‍ പുറ്തതു വന്നിരിക്കുന്നത് 25 മിനിട്ട് മാത്രമുള്ള പ്രസംഗമാണ്. ഇതിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. പിള്ള പറഞ്ഞു.

 

KCN

more recommended stories