മലയോരത്തെ ചികിത്സിക്കാന്‍ ഡോക്ടര്‍മാരെത്തി; രാത്രികാല സേവനത്തിന് താത്കാലിക പരിഹാരം

homstyle copyരാജപുരം: രാത്രികാല ചികിത്സയ്ക്ക് ഡോക്ടര്‍മാരില്ലാതെ ദുരിതമനുഭവിക്കുന്ന മലയോരത്തെ രോഗികള്‍ക്ക് ആശ്വാസമായി പൂടംകല്ല് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഡോക്ടര്‍മാരുടെ രാത്രി സേവനം പുനരാരംഭിച്ചു. പുതിയതായി രണ്ട് ഡോക്ടര്‍മാര്‍ കൂടി ആസ്പത്രിയില്‍ സ്ഥാനമേറ്റതോടെയാണ് രാത്രികാല പരിശോധനയ്ക്ക് താത്കാലിക പരിഹാരമായത്. ഒമ്പത് ഡോക്ടര്‍മാര്‍ വേണ്ടിടത്ത് മെഡിക്കല്‍ ഓഫീസറടക്കം അഞ്ചുപേരാണ് ഉണ്ടായിരുന്നത്. രണ്ടു പേരെ കൂടി നിയമിച്ചതോടെ രാത്രി പരിശോധന പ്രശ്‌നത്തിനു താത്കാലിക പരിഹാരം കണ്ടത്. മലയോര മേഖലകളില്‍ നിന്ന് നിരവധി പേരാണ് രാത്രി കാലങ്ങളില്‍ അപകടങ്ങളില്‍ പെട്ടും അസുഖം ബാധിച്ചും ഇവിടേക്ക് ചികിത്സ തേടിയെത്തിയിരുന്നത്. ഒരു മാസത്തിലധികമായി ഡോക്ടര്‍മാര്‍ ഇല്ലാത്തതിനാല്‍ ഇങ്ങനെ എത്തുന്ന രോഗികള്‍ കിലോമീറ്ററുകള്‍ സഞ്ചരിച്ച് കാഞ്ഞങ്ങാട് ജില്ല ആസ്പത്രിയിലോ സ്വകാര്യ ആസ്പത്രികളെയോ ആശ്രയിക്കേണ്ടി വന്നിരുന്നു. ഇതിനെ തുടര്‍ന്ന് പ്രദേശത്തെ യുവദര്‍ശന കലാകായിക സാംസ്‌കാരിക വേദി, വിശ്വകര്‍മ സര്‍വീസ് സൊസൈറ്റി എന്നിവരുടെ നേതൃത്വത്തില്‍ സമരങ്ങളും നടത്തി. ഇതിന്റെ ഭാഗമായാണ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.രാജന്‍, ഡപ്യൂട്ടി ഡി.എം.ഒ. ഡോ.രാമദാസ് എന്നിവര്‍ ഇടപെട്ട് പുതുതായി രണ്ടു ഡോക്ടര്‍മാരെയടക്കം നിയമിച്ച് പ്രശ്‌നം പരിഹരിച്ചത്. ആവശ്യത്തിന് ഡോക്ടര്‍മാര്‍ ഇല്ലാത്തതും രാത്രിയില്‍ ചികിത്സ തേടിയെത്തുന്ന രോഗികളും കൂട്ടത്തില്‍ എത്തുന്നവരും മോശമായി പെരുമാറുന്നുവെന്നും പറഞ്ഞാണ് ഡോക്ടര്‍മാര്‍ രാത്രി പരിശോധന നിര്‍ത്തിയത്. പ്രാഥമിക സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളില്‍ രാവിലെ ഒമ്പതു മുതല്‍ മൂന്ന് മണി വരെ ഡ്യൂട്ടിയെടുത്താല്‍ മതിയെന്നതാണ് നിയമം. എന്നാല്‍ മലയോരത്തിന്റെ പ്രത്യേക സാഹചര്യം പരിഗണിച്ച് ഡോക്ടര്‍മാര്‍ രാത്രി സേവനത്തിന് വീണ്ടും തയ്യാറാവുകയായിരുന്നു. തുടര്‍ന്നും ഇതേ രീതിയില്‍ രാത്രി ചികിത്സ ഉറപ്പു വരുത്തുമെന്ന് ഡപ്യൂട്ടി ഡി.എം.ഒ. അറിയിച്ചു

 

 

KCN

more recommended stories