മംഗളൂരുവില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കുക തന്നെ ചെയ്യും: പിണറായി വിജയന്‍

orange copy

തിരുവനന്തപുരം: മംഗളൂരുവില്‍ നടക്കുന്ന മതസൗഹാര്‍ദ്ദ റാലിയില്‍ പങ്കെടുക്കുന്നതില്‍ നിന്നും സംഘപരിവാര്‍ തടയുമെന്നതിനെക്കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അത്തരത്തിലൊരു പ്രഖ്യാപനം സംഘപരിവാര്‍ നടത്തിയിട്ടുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ഫെബ്രുവരി 25 ന് മംഗളൂരുവില്‍ രണ്ട് പരിപാടികളാണ് നടക്കുന്നത്. അതിലൊന്ന് മതസൗഹാര്‍ദ്ദ റാലിയാണ്. മറ്റൊന്ന് ഒരു മാധ്യമത്തിന്റെ ഉദ്ഘാടനമാണ്. രണ്ട് പരിപാടികളിലും പങ്കെടുക്കാനാണ് തീരുമാനം. മറ്റ് കാര്യങ്ങളൊന്നും തനിക്ക് ഇപ്പോള്‍ അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിശ്ചയിച്ച പരിപാടിയില്‍ പങ്കെടുക്കുമോ എന്ന് മാധ്യമപ്രവര്‍ത്തന്‍ വീണ്ടും ചോദിക്കുമ്പോള്‍ പങ്കെടുക്കുമെന്ന് അദ്ദേഹം തീര്‍ച്ചപ്പെടുത്തുന്നുണ്ട്. മംഗളൂരുവിലെത്തുന്ന മുഖ്യമന്ത്രിയെ തടയുമെന്നാണ് സംഘപരിവാറിന്റെ നിലപാട്. ഇതുമായി ബന്ധപ്പെട്ട് മംഗളൂരു കോര്‍പ്പറേഷന്‍ പരിസരത്ത് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഇതിനെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ചൊവ്വാഴ്ച രംഗത്തെത്തിയിരുന്നു. വിഷയത്തില്‍ ആര്‍എസ്എസ് നിലപാട് വ്യക്തമാക്കണമെന്ന് കോടിയേരി പറഞ്ഞു. ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയെ മറ്റൊരു സംസ്ഥാനത്തെ പരിപാടിയില്‍ പങ്കെടുക്കാന്‍ അനുവദിക്കില്ലെന്ന ആര്‍എസ്എസ്, സംഘപരിവാര്‍ സംഘടനകളുടെ പ്രഖ്യാപനം ഫെഡറല്‍ സംവിധാനത്തോടുള്ള വെല്ലുവിളിയാണെന്നും കോടിയേരി അഭിപ്രായപ്പെട്ടിരുന്നു. ഇതിനുമുമ്പ് മലയാളികളുടെ സ്വീകരണത്തില്‍ പങ്കെടുക്കാന്‍ ഭോപ്പാലിലെത്തിയ മുഖ്യമന്ത്രിയെ ആര്‍എസ്എസ്സിന്റെ പ്രതിഷേധത്തെത്തുടര്‍ന്ന് ഭോപ്പാലില്‍ തടയുകയും തിരിച്ചയക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ കേരളമൊന്നാകെ പ്രതിഷേധമുയര്‍ത്തിയിരുന്നു.

KCN

more recommended stories