പൊതുവിപണിയില്‍ സര്‍ക്കാര്‍ ഇടപെടും; ഇ.ചന്ദ്രശേഖരന്‍

കാഞ്ഞങ്ങാട്: അവശ്യസാധനങ്ങളുടെ വിലനിലവാരം പിടിച്ചുനിര്‍ത്തുന്നതിന് സര്‍ക്കാര്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് റവന്യൂ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. പൊതുവിപണിയില്‍ സര്‍ക്കാര്‍ ഇടപെടും. അഞ്ചു വര്‍ഷവും 13 ഇനം അവശ്യസാധനങ്ങളുടെ വിലക്കയറ്റം ഉണ്ടാകില്ല. ആവശ്യമായ കൂടുതല്‍ സ്ഥലങ്ങളില്‍ അരിക്കടകള്‍ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. കാഞ്ഞങ്ങാട് കോട്ടച്ചേരിയില്‍ സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റിനോടനുബന്ധിച്ച അരിക്കടയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ഭക്ഷ്യസുരക്ഷാ നിയമം നടപ്പിലാക്കിയതിനെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളാണ് പൊതുവിപണിയിലെ ഇപ്പോഴത്തെ ആശങ്കയ്ക്ക് കാരണമായത്. സ്റ്റാറ്റിയൂട്ടറി റേഷന്‍ സമ്പ്രദായം നിര്‍ത്തുന്നത് പൊതുവിതരണ സമ്പ്രദായത്തെ സാരമായി ബാധിച്ചു. എങ്കിലും അരിയുള്‍പ്പെടെയുളള അവശ്യ സാധനങ്ങള്‍ ആവശ്യത്തിന് സര്‍ക്കാര്‍ ലഭ്യമാക്കും. ആന്ധ്രയില്‍ നിന്നുളള കുറുവ അരി 25 രൂപ നിരക്കിലാണ് അരിക്കടകളിലൂടെ നല്‍കുന്നത്. 1.54 കോടി ആളുകളാണ് മുന്‍ഗണനാ പട്ടികയിലുളളതെന്നും ഇവര്‍ക്ക് ആവശ്യമായ ഭക്ഷ്യധാന്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കുന്നതിന് പ്രഥമ പരിഗണന ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി.വി.രമേശന്‍ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഗംഗ രാധാകൃഷ്ണന്‍, വിവിധ സംഘടനാ പ്രതിനിധികളായ പി.നാരായണന്‍, രാജു അരയില്‍, കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍, അഡ്വ. സി വി ദാമോദരന്‍, അബ്രഹാം തോണക്കര, ഹംസ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. സപ്ലൈകോ മേഖലാ മാനേജര്‍ കെ മനോജ് കുമാര്‍ സ്വാഗതവും ജില്ലാ സപ്ലൈ ഓഫീസര്‍ എന്‍ പി നോബര്‍ട്ട് നന്ദിയും പറഞ്ഞു.

KCN

more recommended stories