കണ്ണൂരില്‍ മാരുതി വാനും ലോറിയും കൂട്ടിയിടിച്ച് വിദ്യാര്‍ഥി മരിച്ചു

തളിപ്പറമ്പ്: മാരുതി ഓമ്നിവാനും ടിപ്പര്‍ലോറിയും കൂട്ടിയിടിച്ച് ഓമ്നിവാനില്‍ സഞ്ചരിച്ച വിദ്യാര്‍ത്ഥി മരിച്ചു. പാലാവയലിലെ കരീക്കുന്നേല്‍ (ചിറക്കല്‍) ബെന്നി-ലിസി ദമ്പതികളുടെ മകന്‍ അജല്‍ ബെന്നി(13)ആണ് മരിച്ചത്. നാലുപേര്‍ക്ക് പരിക്കേറ്റു. മരിച്ച അജല്‍ ബെന്നിയുടെ സഹോദരന്‍ അമല്‍ ബെന്നി(19)ക്ക് ഗുരുതരമായി പരിക്കേറ്റു. ടിപ്പര്‍ലോറിയിലുണ്ടായിരുന്ന നിഷാദ്, ആസാം സ്വദേശികളായ സാജന്‍, കാര്‍ലോസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. അമലിനെ പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. പുലര്‍ച്ചെ മൂന്നരയോടെ തളിപ്പറമ്പ് ആലക്കോട് സംസ്ഥാന പാതയില്‍ നാടുകാണി കിന്‍ഫ്ര ടെക്സ്‌റ്റൈല്‍ പാര്‍ക്കിന് മുന്നിലായിരുന്നു അപകടം. കണ്ണൂരില്‍ നിന്നും ദീപിക പത്രവുമായി പോകുകയായിരുന്ന കെഎല്‍ 13 ടി 1580 ഓമ്നിവാനും തളിപ്പറമ്പ് ഭാഗത്തേക്ക് വരികയായിരുന്ന കെഎല്‍ 59 എഫ് 7943 ടിപ്പര്‍ലോറിയുമാണ് കൂട്ടിയിടിച്ചത്. ശബ്ദം കേട്ട് പരിസരവാസികളും ഇതുവഴി വാഹനത്തില്‍ പോകുന്നവരും ഓടിയെത്തി ഓമ്നിവാനില്‍ കുടുങ്ങിയ അമലിനെ ഉടന്‍ പുറത്തെടുത്ത് തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെത്തിച്ചുവെങ്കിലും അകത്ത് കുടുങ്ങിപ്പോയ അജലിനെ പുറത്തെടുക്കാനായില്ല. അപകടത്തില്‍ ടിപ്പര്‍ ലോറി ഡ്രൈവര്‍ക്കും നിസാര പരിക്കേറ്റു. ഇയാളെ തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തളിപ്പറമ്പില്‍ നിന്നും അഗ്‌നിശമനസേനയും പോലീസും എത്തിയാണ് വാന്‍ വെട്ടിപ്പൊളിച്ച് അജലിനെ പുറത്തെടുത്തത്. അപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍. മരിച്ച അജല്‍ പാലാവയല്‍ സെന്റ് ജോണ്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.

KCN

more recommended stories