സര്‍ക്കാരിനെതിരെ സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്തവര്‍ തമ്മില്‍ ഏറ്റുമുട്ടി; പൊലീസ് ലാത്തി വീശി

തിരുവനന്തപുരം: എല്‍ഡിഎഫ് ഭരണം പരാജയമാണെന്ന് ആരോപിച്ച് യുവമോര്‍ച്ചയും യൂത്ത് കോണ്‍ഗ്രസും നടത്തുന്ന സെക്രട്ടേറിയറ്റ് ഉപരോധത്തിനിടെ സംഘര്‍ഷം. യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ ഉപരോധത്തിനിടെ പൊലീസിനുനേരെ കല്ലേറുണ്ടായി. കല്ലേറില്‍ പൊലീസുകാര്‍ക്ക് പരിക്കേറ്റു. ഇതേത്തുടര്‍ന്ന് പൊലീസ് ലാത്തി വീശുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. ഇതിനിടെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചതും സംഘര്‍ഷത്തിനിടയാക്കി. യുവമോര്‍ച്ച പ്രവര്‍ത്തകരും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പരസ്പരം ഇരുകൂട്ടരുടെയും പ്രചരണബോര്‍ഡുകള്‍ നശിപ്പിക്കുകയും ചെയ്തു. സംഘര്‍ഷത്തില്‍ നാലു പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റതായി യുവമോര്‍ച്ച നേതാക്കള്‍ പറയുന്നു. ദേശീയ നേതാവ് പൂനം മഹാജന്‍ ഉപരോധം ഉദ്ഘടാനം ചെയ്തതിനുശേഷമാണ് സംഘര്‍ഷമുണ്ടായത്. നേതാക്കള്‍ ഇടപെട്ട് പ്രവര്‍ത്തകരെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഇതേത്തുടര്‍ന്നാണ് സംഘര്‍ഷത്തിലേക്ക് കാര്യങ്ങള്‍ പോയത്. രാവിലെ സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തിയ യൂത്ത് കോണ്‍ഗ്രസ് – യുവമോര്‍ച്ച പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇരുകൂട്ടരും പരസ്പരം കല്ലെറിയുകയായിരുന്നു.

KCN

more recommended stories