കോച്ച് ക്ഷാമം രൂക്ഷം; ട്രെയിന്‍ സര്‍വിസ് താളംതെറ്റുന്നു

തിരുവനന്തപുരം:തിരുവനന്തപുരം റെയില്‍വേ ഡിവിഷനില്‍ കോച്ച് ക്ഷാമം രൂക്ഷമായത് ട്രെയിന്‍സര്‍വിസിന്റെ താളം തെറ്റിക്കുന്നു. അറ്റകുറ്റപ്പണിക്ക് ചെന്നൈയിലേക്കയച്ച കോച്ചുകള്‍ തിരികെയെത്താത്തതാണ് പ്രശ്‌നകാരണം. ഇതിനാല്‍, യാത്രകഴിഞ്ഞെത്തുന്ന ടെയിനുകളില്‍നിന്ന് കോച്ചുകള്‍ അഴിച്ചെടുത്ത് അടുത്ത ട്രെയിനില്‍ ഘടിപ്പിച്ചാണ് സര്‍വിസ് മുടക്കമില്ലാതെ നടത്തുന്നത്.

ഇതുകാരണം ട്രെയിനുകള്‍ വൈകുന്നത് പതിവാണ്. അറ്റകുറ്റപ്പണിക്ക് വേണ്ടത്രസമയം ലഭിക്കാത്തത് സുരക്ഷാപ്രശ്‌നങ്ങളുമുയര്‍ത്തുന്നുണ്ട്. കോച്ച് മാറ്റലും പുതിയ ട്രെയിനില്‍ ഘടിപ്പിക്കലും തൊഴിലാളികളുടെ ജോലി ഭാരവും വര്‍ധിപ്പിക്കുന്നു. പ്രതിദിനം മൂന്നും നാലും ട്രെയിനുകളിലെ കോച്ചുകള്‍ മാറ്റിമറിച്ചാണ് സര്‍വിസ് മുടക്കമില്ലാതെ നടത്തുന്നത്. ശനിയാഴ്ച രാവിലെ തിരുവനന്തപുരത്തെത്തിയ മംഗളൂരു എക്‌സ്പ്രസില്‍നിന്ന് കോച്ച് അഴിച്ചെടുത്താണ് വൈകീട്ടത്തെ ഷാലിമാര്‍ എക്‌സ്പ്രസ് യാത്ര തുടങ്ങിയത്.

വൈകീട്ടെത്തിയ നേത്രാവതി എക്‌സ്പ്രസിസന്റെ കോച്ചുമായാണ് ശനിയാഴ്ച രാത്രിയിലുള്ള മംഗളൂരു എക്‌സ്പ്രസ് പുറപ്പെട്ടത്. ഒന്നര വര്‍ഷം കൂടുമ്പോഴാണ് കോച്ചുകള്‍ പരിശോധനകള്‍ക്കും അറ്റകുറ്റപ്പണിക്കുമായി ചെന്നൈയിലേക്കയക്കുന്നത്. നേരത്തേ പെരമ്പൂരിലെ വര്‍ക്ക്‌ഷോപ്പിലായിരുന്നു അറ്റകുറ്റപ്പണി നടന്നിരുന്നത്. ഇതടച്ചതിനാല്‍ തിരുവനന്തപുരം ഡിവിഷന്‍േറതടക്കമുള്ള കോച്ചുകള്‍ ചെന്നൈയില്‍ കെട്ടിക്കിടക്കുകയാണ്. ഇവ എന്ന് മടക്കിക്കിട്ടുമെന്നും വ്യക്തമല്ല. ഒരു കോച്ചിന്റെ ശരാശരി ആയുസ്സ് 18 വര്‍ഷമാണ്.

1800 കോച്ചുകള്‍ കൈകാര്യം ചെയ്യുന്ന തിരുവനന്തപുരം ഡിവിഷന് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കിട്ടിയത് 160 കോച്ചുകള്‍ മാത്രമാണ്. ദക്ഷിണ റെയില്‍വേയില്‍ ഏറ്റവും കൂടുതല്‍ ദീര്‍ഘദൂര സര്‍വിസുകള്‍ ഓടുന്നത് തിരുവനന്തപുരം ഡിവിഷനിലാണ്. നിലവിലുള്ള കോച്ചുകളുടെ 10 ശതമാനം റിസര്‍വ് ആയി ഉണ്ടാകണമെന്നതാണ് വ്യവസ്ഥ. എന്നാലിതെല്ലാം കടലാസില്‍ ഒതുങ്ങുകയാണ്. പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള എല്‍.എച്ച്.ബി കോച്ചുകളുടെ കാര്യത്തിലും കേരളത്തിന് അവഗണനയാണ്.

KCN

more recommended stories