നീലേശ്വരത്ത് മഴക്കാല രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി

നീലേശ്വരം: നഗരസഭയിലും പരിസരപ്രദേശങ്ങളിലും പനി ഉള്‍പ്പെടെയുള്ള സാംക്രമികരോഗങ്ങള്‍ വ്യാപകമായതിനാല്‍ മഴക്കാല രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ നീലേശ്വരം താലൂക്ക് ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി യോഗം തീരുമാനിച്ചു.പനിയെത്തുടര്‍ന്നുള്ള രോഗികളുടെ അനിയന്ത്രിതമായ വര്‍ധന കണക്കിലെടുത്ത് ആസ്പത്രിയില്‍ ആവശ്യമായ താത്കാലിക നിയമനങ്ങള്‍ നടത്തുന്നതിന് ആസ്പത്രി സൂപ്രണ്ടിനെ ചുമതലപ്പെടുത്തി. രോഗ പ്രതിരോധ പ്രചാരണങ്ങള്‍ക്കായി എച്ച്.എം.സി. അംഗങ്ങള്‍, ആശാവര്‍ക്കര്‍മാര്‍, ആരോഗ്യ വകുപ്പ് ജീവനക്കാര്‍, സന്നദ്ധസംഘടനാ പ്രതിനിധികള്‍, റസിഡന്റ്‌സ് അസോസിയേഷന്‍, വ്യാപാരികള്‍, വിദ്യാലയ അധികൃതര്‍ എന്നിവര്‍ക്ക് 27ന് ആരോഗ്യ പരിശീലന പരിപാടി നടത്തും.

വെള്ളം കെട്ടിക്കിടക്കുന്നതുകൊണ്ട് രോഗസാധ്യതയുണ്ടെന്ന് കണ്ടെത്തിയ കരുവാച്ചേരി, തോട്ടുംപുറം, ഉച്ചൂളി കുതിര്‍, കൊയാമ്പുറം തുടങ്ങിയ സ്ഥലങ്ങളില്‍ ജില്ലാ പ്രാണിജന്യ രോഗനിയന്ത്രണ യൂണിറ്റിന്റെ നേതൃത്വത്തില്‍ ബുധനാഴ്ച കൊതുക് സാന്ദ്രതാപഠനം നടത്തി. ഇതിന്റെ ഭാഗമായി ഫോഗിങ്ങും സംഘടിപ്പിച്ചു.അലോപ്പതി, ഹോമിയോ, ആയുര്‍വേദം എന്നീ വിഭാഗങ്ങളുടെ ക്യാമ്പുകള്‍ ഒന്‍പത് കേന്ദ്രങ്ങളില്‍ നടത്തും. നഗരസഭ ചെയര്‍മാന്‍ പ്രൊഫ. കെ.പി.ജയരാജന്‍ അധ്യക്ഷതവഹിച്ചു. ഉപാധ്യക്ഷ വി.ഗൗരി, സ്ഥിരംസമിതി അധ്യക്ഷരായ ടി.കുഞ്ഞിക്കണ്ണന്‍, പി.എം.സന്ധ്യ, ഡോ. കെ.ജമാല്‍ അഹമ്മദ്, ഡി.കെ.ശംഭു, കെ.രാഘവന്‍, പി.വിജയകുമാര്‍, ജോണ്‍ ഐമന്‍, ഐ.വി.വിമല്‍ എന്നിവര്‍ സംസാരിച്ചു.

നീലേശ്വരത്തെ പനിബാധിത പ്രദേശമായി കണ്ടെത്തിയ കരുവാച്ചേരിയിലെ വീടുകളില്‍ ജില്ലാ പ്രാണിജന്യ രോഗനിയന്ത്രണ യൂണിറ്റിന്റെ നേതൃത്വത്തില്‍ സന്ദര്‍ശനം നടത്തി. വന്‍ സംഘമായെത്തിയ യൂണിറ്റ് രോഗനിയന്ത്രണ നടപടികള്‍ യുദ്ധകാലാടിസ്ഥാനത്തിലാണ് സംഘടിപ്പിച്ചത്. നഗരസഭ ചെയര്‍മാന്‍ പ്രൊഫ. കെ.പി.ജയരാജന്‍, വാര്‍ഡ് കൗണ്‍സിലര്‍ പി.കെ.രതീഷ് എന്നിവര്‍ മുഴുവന്‍ സമയവും ഇവര്‍ക്കൊപ്പം പങ്കെടുത്തു.ജില്ലാ മലേറിയ ഓഫീസര്‍ വി.സുരേശന്‍, ഉദ്യോഗസ്ഥരായ കെ.അശോകന്‍, കെ.സരസ്വതി, വി.അബ്ദുള്‍ഖാദര്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ഡി.കെ.ശംഭു എന്നിനാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. നഗരസഭ ഉപാധ്യക്ഷ വി.ഗൗരി, ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷന്‍ തോട്ടത്തില്‍ കുഞ്ഞിക്കണ്ണന്‍, കൗണ്‍സിലര്‍മാരായ കെ.വി.സുധാകരന്‍, കെ.വി.ഉഷ എന്നിവര്‍ക്കൊപ്പം രമേശന്‍ കരുവാച്ചേരി, ടി.സുധാകരന്‍ തുടങ്ങിയവരും പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി.

KCN

more recommended stories