നടി ആക്രമിക്കപ്പെട്ട കേസ് ; അന്വേഷണം ശരിയായ ദിശയിലല്ലെന്ന് ഡി.ജി.പി

തിരുവനന്തപുരം: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണം സംബന്ധിച്ച് അതൃപ്തി പരസ്യമാക്കി ഡി.ജി.പി ടി.പി സെന്‍കുമാര്‍. നടിയെ ആക്രമിച്ച കേസിലെ അന്വേഷണം ശരിയായ രീതിയിലല്ല ഇപ്പോള്‍ പുരോഗമിക്കുന്നതെന്നും കേസില്‍ പ്രൊഫഷണല്‍ അന്വേഷണം വേണമെന്നും കാണിച്ച് ഡി.ജി.പി സര്‍ക്കുലര്‍ പുറത്തിറക്കി. നടിയെ ആക്രമിച്ച കേസ് പുതിയ വിവാദങ്ങളിലേക്ക് കടക്കുന്നതിനിടെയാണ് ഇന്ന് വിരമിക്കാനിരിക്കുന്ന സെന്‍കുമാര്‍ പുതിയ സര്‍ക്കുലര്‍ പുറത്തിറക്കിയത്.

നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ പല കാര്യങ്ങളും അറിഞ്ഞിട്ടില്ല. കേസില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ അറിയാതെ ഒരു കാര്യവും മുന്നോട്ട് പോകരുത്. പല വിവരങ്ങളും പുറത്തു പോകുന്നുണ്ട്. പ്രൊഫഷണല്‍ രീതിയിലുള്ള അന്വേഷണം വേണമെന്നും ഉത്തരവ്. ഡിജിപിയുടെ പുതിയ സര്‍ക്കുലര്‍ പുറത്തിറങ്ങി. ലോക്‌നാഥ് ബെഹ്‌റ ഡി.ജി.പിയായിരിക്കെയാണ് ക്രൈം ബ്രാഞ്ച് ഐ.ജി ദിനേന്ദ്ര കശ്യപിന്റെ നേതൃത്വത്തില്‍ അന്വേഷണ സംഘത്തെ നിയോഗിച്ചത്. നേരത്തെ കേസില്‍ പള്‍സര്‍ സുനിയെയും മറ്റുള്ളവരെയും അറസ്റ്റ് ചെയ്തപ്പോള്‍ ദിനേന്ദ്ര കശ്യപിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്തത്.

എന്നാല്‍ കഴിഞ്ഞ ദിവസം നടന്‍ ദിലീപിനെയും നാദിര്‍ഷായെയും ചോദ്യം ചെയ്ത കാര്യം അന്വേഷണ ഉദ്ദ്യോഗസ്ഥനായ ഐ.ജി അറിഞ്ഞിരുന്നില്ല. മേല്‍നോട്ട ചുമതലയുണ്ടായിരുന്ന എ.ഡി.ജി.പി ബി സന്ധ്യയുടെ നേതൃത്വത്തിലായിരുന്നു ഈ ചോദ്യം ചെയ്യല്‍. ഇത് ചൂണ്ടിക്കാട്ടിയാണ് ഡി.ജി.പി പുതിയ സര്‍ക്കുലര്‍ പുറത്തിറക്കിയത്. അന്വേഷണ ഉദ്ദ്യോഗസ്ഥന്‍ പല വിവരവും അറിയുന്നില്ലെന്നും എന്നാല്‍ അതില്‍ പലതും മാധ്യമങ്ങള്‍ക്ക് ചോര്‍ന്ന് കിട്ടുന്നുവെന്നും ഡി.ജി.പി പറയുന്നു. ഇത് പ്രൊഫഷണല്‍ രീതിയല്ല. പ്രൊഫഷണല്‍ രീതിയില്‍ അന്വേഷണം നടത്തി കഴമ്പുണ്ടെങ്കില്‍ കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ഡി.ജി.പി ആവശ്യപ്പെട്ടു. എന്നാല്‍ എ.ഡി.ജി.പിയെ നേരിട്ട് കുറ്റപ്പെടുത്തുന്ന പരമാര്‍ശങ്ങളൊന്നും സര്‍ക്കുലറില്‍ ഇല്ല.

KCN

more recommended stories