ചികിത്സ നിഷേധിച്ച ആദിവാസി യുവതി ഓട്ടോറിക്ഷയില്‍ പ്രസവിച്ചു

തൃശൂര്‍: ആദിവാസി യുവതി ഓട്ടോറിക്ഷയില്‍ പ്രസവിച്ചു. തൃശൂര്‍ പഴയന്നൂരിലാണ് സംഭവം. അര്‍ദ്ധരാത്രി പഴയന്നൂര്‍ ആശുപത്രിയില്‍ എത്തിച്ച യുവതിക്ക് ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് വീട്ടിലേക്ക് പോകുന്ന വഴിയാണ് സംഭവം. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആശുപത്രി സൂപ്രണ്ടിനോട് വിശദീകരണം തേടി. സ്വന്തം ചോരകുഞ്ഞിനെ കയ്യിലെടുക്കേണ്ടി വന്ന അച്ഛന്‍ റിജേഷിന് ഇപ്പോഴും ഞെട്ടല്‍മാറിയിട്ടില്ല. ഞായറാഴ്ച രാത്രിയാണ് പഴയന്നൂര്‍ മാട്ടിന്‍മുകള്‍ മലയന്‍ കോളനിവാസിയായ സുകന്യയ്ക്ക് ഓട്ടോറിക്ഷയില്‍ പ്രസവിക്കേണ്ടി വന്നത്. വേദനകൊണ്ടു പുളഞ്ഞ് പഴയന്നൂര്‍ ആശുപത്രിയിലെത്തിയ യുവതിയെ ചികിത്സ നല്‍കാതെ നഴ്‌സുമാര്‍ തിരിച്ചയക്കുകയായിരുന്നു.

മെഡിക്കല്‍ കോളേജിലേക്ക് പോകാന്‍ ആംബുലന്‍സ് വിട്ടു തരണമെന്ന് അപേക്ഷിച്ചിട്ടും ആരും ചെവി കൊണ്ടില്ല. വേദന കൊണ്ടു പുളഞ്ഞ യുവതിയെ അല്‍പനേരം ആശുപത്രിയില്‍ കിടത്താന്‍ അനുവാദം ചോദിച്ചപ്പോഴും നഴ്‌സുമാര്‍ വിസമ്മതിച്ചു.പിന്നീട് യുവതിയും ഭര്‍ത്താവും വീട്ടിലേക്ക് തിരിച്ചു പോകുമ്പോഴാണ് ഓട്ടോറിക്ഷയില്‍ പ്രസവിച്ചത്. പ്രസവശേഷം ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് യുവതിയെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സംഭവം ശ്രദ്ധയില്‍പെട്ട തൃശൂര്‍ ഡിഎംഒ പഴയന്നൂര്‍ ആശുപത്രി സൂപ്രണ്ടിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടി സ്വീകരിക്കും.ചികിത്സ നിഷേധിച്ചെന്ന് ചൂണ്ടിക്കാട്ടി റിജേഷ് പഴയന്നൂര്‍ പൊലീസിലും പരാതി നല്‍കിയിട്ടുണ്ട്.

KCN

more recommended stories