ബാണാസുരസാഗര്‍ അണക്കെട്ടില്‍ തോണി മറിഞ്ഞ് നാലു പേരെ കാണാതായി; മൂന്നുപേര്‍ നീന്തി രക്ഷപെട്ടു

കല്‍പ്പറ്റ: വയനാട് ബാണാസുരസാഗര്‍ അണക്കെട്ടില്‍ തോണി മറിഞ്ഞ് നാലു പേരെ കാണാതായി. വയനാട്, കോഴിക്കോട് സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. ഇന്നലെ രാത്രി ഡാമില്‍ മീന്‍പിടിക്കാന്‍ എത്തിയവരാണ് അപകടത്തില്‍പ്പെട്ടത്. കോഴിക്കോട് തുഷാരഗിരി സ്വദേശികളായ സച്ചിന്‍, ബിനു, മെല്‍വിന്‍, ബാണാസുരസാഗറിന് സമീപവാസിയായ സിങ്കോണ എന്നിവരെയാണ് കാണാതായത്. ഇവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.

അനുവാദമില്ലാതെ, കൊട്ടത്തോണിയില്‍ ഡാമിനകത്ത് മീന്‍പിടിക്കാന്‍ ഇറങ്ങിയവരാണ് അപകടത്തില്‍പ്പെട്ടതെന്ന് പോലീസ് അറിയിച്ചു. ഏഴംഗസംഘമാണ് മീന്‍പിടിക്കാനെത്തിയത്. രണ്ടുകൊട്ടത്തോണികള്‍ കൂട്ടിക്കെട്ടി ഇതിലാണ് ഏഴംഗസംഘം മീന്‍പിടിക്കാന്‍ ഡാമില്‍ ഇറങ്ങിയത്.
ഇന്നലെ രാത്രി 11.45 നാണ് ഇവര്‍ ഡാമില്‍ ഇറങ്ങിയത്. മീന്‍പിടിത്തം തുടരുന്നതിനിടെ തോണികള്‍ മറിയുകയായിരുന്നു. സംഘത്തിലെ മൂന്നുപേര്‍ നീന്തി രക്ഷപെട്ടു. പുലര്‍ച്ചെ നാലുമണിയോടെയാണ് അപകടവിവരം പുറംലോകം അറിഞ്ഞത്. തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.

KCN

more recommended stories