സി.പി.ഐ സംസ്ഥാന എക്സിക്യുട്ടീവ് ഇന്ന്

തിരുവനന്തപുരം: സി.പി.ഐ സംസ്ഥാന എക്സിക്യുട്ടീവ് ഇന്ന് ചേരും. മൂന്നാറിലെ കയ്യേറ്റ ഒഴിപ്പിക്കല്‍ അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ചയാകും. പാര്‍ട്ടിയിലെ മന്ത്രിമാരുടെ പ്രവര്‍ത്തനം സംബന്ധിച്ച റിപ്പോര്‍ട്ടും എക്സിക്യുട്ടീവ് ചര്‍ച്ച ചെയ്യും.

കയ്യേറ്റമൊഴിപ്പിക്കലില്‍ അനന്തര നടപടികള്‍ സംബന്ധിച്ച് യോഗം ചര്‍ച്ച ചെയ്യും. മൂന്നാറിലെ റവന്യൂ ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലംമാറ്റിയ നടപടിയും യോഗത്തില്‍ ചര്‍ച്ചയാകും. സ്ഥലംമാറ്റം റവന്യൂമന്ത്രി ഇടപെട്ട് റദ്ദാക്കിയെങ്കിലും, കയ്യേറ്റമൊഴിപ്പിക്കല്‍ വിഷയത്തില്‍ പാര്‍ട്ടിയുടെയും റവന്യൂ വകുപ്പിന്റെയും പ്രതിച്ഛായയ്ക്ക് കോട്ടം തട്ടിച്ചെന്ന് യോഗത്തില്‍ വിമര്‍ശനമുണ്ടായേക്കും. സ്ഥലംമാറ്റ നടപടിയില്‍ മന്ത്രിയ്ക്ക് ജാഗ്രതക്കുറവുണ്ടായെന്നും വിമര്‍ശനം ഉയര്‍ന്നേക്കും. ശ്രീറാം വെങ്കട്ടരാമന് പകരം ദേവികുളത്ത് പുതിയ സബ് കളക്ടറായി വി ആര്‍ പ്രേംകുമാര്‍ വ്യാഴാഴ്ച ചുമതലയേറ്റിരുന്നു.
പാര്‍ട്ടി മന്ത്രിമാരുടെ പ്രവര്‍ത്തനം സംബന്ധിച്ചും എക്സിക്യൂട്ടീവ് യോഗം വിലയിരുത്തും. സിനിമാ നടന്‍ ദീലീപിന്റെ ചാലക്കുടിയിലെ ഡി സിനിമാസിന്റെ ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട് പാര്‍ട്ടി മന്ത്രിയ്ക്കെതിരെ ഉയര്‍ന്ന ആരോപണവും യോഗത്തില്‍ ചര്‍ച്ചയായേക്കും.
ബിജെപി നേതാക്കള്‍ ഉള്‍പ്പെട്ട മെഡിക്കല്‍ കോഴ വിവാദം, നടിയെ ആക്രമിച്ച കേസ്, വിലക്കയറ്റം തുടങ്ങി നിലവിലെ രാഷ്ട്രീയ, സാമൂഹ്യ വിഷയങ്ങളെല്ലാം യോഗത്തില്‍ ചര്‍ച്ചയായേക്കും.

KCN

more recommended stories