മെല്‍ബണ്‍: ഇന്ത്യ എയ്ക്കെതിരായ രണ്ടാം ചതുര്‍ദിന ടെസ്റ്റില്‍ ഓസ്ട്രേലിയ എയ്ക്ക് രണ്ട് വിക്കറ്റ് നഷ്ടം. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്‌കോറായ 161നെതിരെ ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റിന് 53 റണ്‍സെടുത്തിട്ടുണ്ട് ഓസ്ട്രേലിയ. മാര്‍കസ് ഹാരിസ് (26), സാം കോണ്‍സ്റ്റാസ് (1) എന്നിവരാണ് ക്രീസില്‍. ഇപ്പോള്‍ 108 റണ്‍സ് മാത്രം പിറകിലാണ് ഓസീസ്. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യക്ക് വേണ്ടി ധ്രുവ് ജുറലാണ് (80) മികച്ച പ്രകടനം പുറത്തെടുത്തത്. നാല് വിക്കറ്റ് നേടിയ മൈക്കല്‍ നെസെര്‍, മൂന്ന് പേരെ പുറത്താക്കിയ ബ്യൂ വെബ്സ്റ്റര്‍ എന്നിവരാണ് ഇന്ത്യയെ തകര്‍ത്തത്. ഓപ്പണറായി കളിച്ചെങ്കിലും കെ എല്‍ രാഹുലിന് (4) തിളങ്ങാന്‍ സാധിച്ചില്ല.
ഓസ്ട്രേലിയക്കും തുടക്കം അത്ര നന്നായിരുന്നില്ല. സ്‌കോര്‍ബോര്‍ഡില്‍ 43 റണ്‍സ് മാത്രമുള്ളപ്പോള്‍ ക്യാപ്റ്റന്‍ നതാന്‍ മകസ്വീനി (14), കാമറൂണ്‍ ബാന്‍ക്രോഫ്റ്റ് (3) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായി. മുകേഷ് കുമാര്‍, ഖലീല്‍ അഹമ്മദ് എന്നിവര്‍ക്കായിരുന്നു വിക്കറ്റുകള്‍. നേരത്തെ, പരിതാപകരമായിരുന്നു ഇന്ത്യയുടെ തുടക്കം. സ്‌കോര്‍ബോര്‍ഡില്‍ 11 റണ്‍സ് മാത്രമുള്ളപ്പോല്‍ നാല് വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായി. അഭിമന്യൂ ഈശ്വരന്‍ (0), സായ് കിഷോര്‍ (0) എന്നിവര്‍ ആദ്യ ഓവറില്‍ തന്നെ മടങ്ങി. പിന്നാലെ കെ എല്‍ രാഹുലും (4) ക്യാപ്റ്റന്‍ റുതുരാജ് ഗെയ്കവാദ് (4) എന്നിവരും മടങ്ങി. തുടര്‍ച്ചയായ മൂന്നാം ഇന്നിംഗ്സിലാണ് റുതുരാജും അഭിമന്യുവും നിരാശപ്പെടുത്തുന്നത്. തുടര്‍ന്ന് ക്രീസില്‍ ഒന്നിച്ച ദേവ്ദത്ത് പടിക്കല്‍ (26) – ജുറെല്‍ സഖ്യം 53 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ദേവ്ദത്തിനെ പുറത്താക്കി നെസര്‍ ഓസീസിന് ബ്രേക്ക് ത്രൂ നല്‍കി.