മഹാത്മാഗാന്ധി ട്രോഫിക്കായുള്ള ഉത്തരമലബാര്‍ ജലോത്സവം (നവംബര്‍ 17ന്) വൈകീട്ട് 3.30ന് അച്ചാം തുരുത്തി പാലത്തിന് സമീപം കേരള നിയമസഭ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ച് ഫ്ളാഗ് ഓഫ് ചെയ്യും. എം.രാജഗോപാലന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി, എം.എല്‍.എ മാരായ ഇ. ചന്ദ്രശേഖരന്‍, അഡ്വ. സി.എച്ച് കുഞ്ഞമ്പു, എന്‍.എ നെല്ലിക്കുന്ന്, എ.കെ.എം അഷറഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.ബേബി ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ മുഖ്യാതിഥികളാകും. ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍, ജില്ലാ പോലീസ് മേധാവി ഡി. ശില്‍പ തുടങ്ങിയവര്‍ പങ്കെടുക്കും
മൂന്ന് വിഭാഗങ്ങളിലായാണ് മത്സരം. 15 പേര്‍ തുഴയുന്ന പുരുഷന്‍മാരുടെ 14 ടീമുകള്‍, 15 പേര്‍ തുഴയുന്ന സ്ത്രീകളുടെ ഒന്‍പത് ടീമുകള്‍, 25 പേര്‍ തുഴയുന്ന പുരുഷന്‍മാരുടെ 13 ടീമുകള്‍ എന്നിവ ഓളപ്പരപ്പില്‍ ആവേശം വിതറും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നിന്നുള്ള ക്ലബ്ബുകള്‍ മറ്റ് ജില്ലകളില്‍ നിന്നുള്ള തുഴച്ചില്‍കാരെയും മത്സരത്തിന് ഇറക്കുന്നുണ്ട്. ജലോത്സവത്തോട് അനുബന്ധിച്ച് നാടന്‍ പാട്ട് മേള നടക്കും.