കസേരയില്‍ മൊബൈല്‍ നോക്കിയിരുന്ന യുവാവിന്റെ ദേഹത്തേക്ക് ‘ദിയമോള്‍’ ബസ് ഇടിച്ചുകയറിയത് ഡ്രൈവറുടെ അശ്രദ്ധ, ലൈസന്‍സ് പോകും
വിഷ്ണുവിന്റെ നെഞ്ചിനൊപ്പം ബസിന്റെ മുന്‍ഭാഗം കയറി. ഇരിപ്പിടം ഉള്‍പ്പെടെ വിഷ്ണു പുറകിലേയ്ക്ക് ചാഞ്ഞതിനാലാണ് വലിയം അപകടം ഒഴിവായത്
കട്ടപ്പന: ഇടുക്കി കട്ടപ്പന സ്റ്റാന്‍ഡില്‍ യുവാവിന്റെ ദേഹത്തേയ്ക്ക് ബസ് പാഞ്ഞു കയറിയ സംഭവത്തില്‍ ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നതിനുള്ള നടപടികള്‍ മോട്ടോര്‍ വാഹന വകുപ്പ് ആരംഭിച്ചു. കുമളി സ്വദ്ദേശി വിഷ്ണു പതിരാജ് അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപെട്ടിരുന്നു. ഞായറാഴ്ച വൈകുന്നേരം ആറേമുക്കാലോടെയാണ് നടുക്കുന്ന സംഭവമുണ്ടായത്.
അത്ഭുതമല്ല, അത്യത്ഭുത രക്ഷപെടല്‍! ബസ് സ്റ്റാന്‍ഡിലെ ചെയറിലിരുന്ന യുവാവിന്റെ ദേഹത്തേക്ക് ബസ് പാഞ്ഞു കയറി, വീഡിയോ
വാഴവരയിലെ സ്വകാര്യ സ്ഥാപനത്തിലെ വിദ്യാര്‍ത്ഥിയായ വിഷ്ണു കട്ടപ്പനയില്‍ നിന്നും തിരികെ പോകാനായി ബസ് കാത്തിരിക്കുകയായിരുന്നു. ഈ സമയത്താണ് മൂന്നാറില്‍ നിന്നുമെത്തി നെടുങ്കണ്ടത്തിനു പോകാന്‍ സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന ദിയമോള്‍ എന്ന ബസ്സ് വിഷ്ണുവിന്റെ ദേഹത്തേക്ക് പാഞ്ഞുകയറിയത്. വിഷ്ണുവിന്റെ നെഞ്ചിനൊപ്പം ബസിന്റെ മുന്‍ഭാഗം കയറി. ഇരിപ്പിടം ഉള്‍പ്പെടെ വിഷ്ണു പുറകിലേയ്ക്ക് ചാഞ്ഞതിനാലാണ് വലിയം അപകടം ഒഴിവായത്. കാലിന് നിസാര പരിക്കേറ്റ വിഷ്ണുവിനെ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം വിട്ടയച്ചിരുന്നു. അപകടത്തിന്റെ ഞെട്ടിക്കുന്ന സി സി ടി വി ദൃശ്യങ്ങള്‍ പിന്നാലെ പുറത്തു വന്നിരുന്നു.
ഇരിപ്പിടത്തിനു മുന്നിലുള്ള പടികളുടെ ഉയരക്കുറവും ബസ് എളുപ്പത്തില്‍ വരാന്തയിലേക്ക് കയറാന്‍ കാരണമായിട്ടുണ്ട്. സംഭവം വാര്‍ത്തയായതോടെ മോട്ടോര്‍ വാഹന വകുപ്പ് അന്വേഷണം ആരംഭിക്കുകയായിരുന്നു. ബൈസണ്‍വാലി സ്വദേശി സിറിള്‍ വര്‍ഗീസാണ് ബസിന്റെ ഡ്രൈവറെന്ന് കണ്ടെത്തുകയും ചെയ്തു. ഡ്രൈവര്‍ അശ്രദ്ധമായി വാഹനം ഓടിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇതോടെയാണ് ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നതിനുള്ള നടപടികള്‍ എം വി ഡി തുടങ്ങിയത്. ലൈസന്‍സ് റദ്ദാക്കുന്നതിനു മുന്നോടിയായി ഡ്രൈവറോട് വ്യാഴാഴ്ച ഹിയറിംഗിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. ഹിയറിംഗിന് ശേഷമാകും എം വി ഡിയുടെ നടപടിയുണ്ടാകുക. സംഭവത്തില്‍ ശക്തമായ നടപടി തന്നെ ഉണ്ടാകുമെന്നാണ് എം വി ഡി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്.