ഉപ്പള : തലപ്പാടിയിലെ ടോള്‍ പ്ലാസയില്‍ ടോള്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട സംഘര്‍ഷത്തിനിടെ ജീവനക്കാരെ മര്‍ദിച്ച പരാതിയില്‍ മൂന്ന് പേരെ ഉള്ളാള്‍ പൊലീസ് അറസ്റ്റ് ചെയ്തു.
ടോള്‍ പ്ലാസ ജീവനക്കാര്‍ നല്‍കിയ പരാതിയില്‍ കാര്‍ യാത്രക്കാരായ ഉള്ളാള്‍ സ്വദേശികളെയാണ് അറസ്റ്റ് ചെയ്തത്.ഞായറാഴ്ച രാത്രി എട്ടരയോടെയാണ് ദേശീയ പാതയില്‍ തലപ്പാടി ടോള്‍ പ്ലാസയില്‍ കാര്‍ യാത്രക്കാരും ജീവനക്കാരും തമ്മില്‍ സംഘര്‍ഷം ഉണ്ടായത്. മംഗലാപുരം ഭാഗത്തുനിന്ന് മഞ്ചേശ്വരത്തെക്ക് പോവുകയായിരുന്ന കാര്‍ ടോള്‍ ഗേറ്റില്‍ പണം നല്‍കുന്നതിനു മുന്‍പ് മുന്നോട്ട് പോയത് ജീവനക്കാര്‍ ചോദ്യം ചെയ്തു. ഇതോടെ കാര്‍ യാത്രക്കാര്‍ പുറത്തിറങ്ങി ജീവനക്കാരെ മര്‍ദിക്കുകയായിരുന്നു. സംഘര്‍ഷത്തില്‍ ടോള്‍ പ്ലാസ ജീവനക്കാരായ കര്‍ണാടക ഹെബ്രി സ്വദേശി മനു, ഉത്തര്‍പ്രദേശ് സ്വദേശി സുധം ഉള്‍പ്പെടെ നാലു പേര്‍ക്ക് പരിക്കേറ്റു.നാട്ടുകാരും സ്ഥലത്തെത്തിയ പൊലീസും ഇടപെട്ടാണ് സംഘര്‍ഷം അവസാനിപ്പിച്ചത്. ടോള്‍ പ്ലാസ ജീവനക്കാര്‍ നല്‍കിയ പരാതിയില്‍ കേസെടുത്ത ഉള്ളാള്‍ പൊലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തു. കാര്‍ യാത്രക്കാരായിരുന്ന ഉള്ളാള്‍ കോടി സ്വദേശികളായ ഇര്‍ഫാന്‍ (21), സുല്‍ഫാന്‍ (21) ഫയാസ് (21) എന്നിവരെയാണ് ഉള്ളാള്‍ പൊലീസ് അറസ്റ്റ്ചെയ്തത്.