പിങ്ഗള കേശിനി എന്ന കവിതാ സമാഹാരത്തിനാണ് പുരസ്‌കാരം.
ദില്ലി : കേന്ദ്ര സാഹിത്യ അക്കാദമി 2024 പുരസ്‌കാരം കെ. ജയകുമാറിന്. പിങ്?ഗള കേശിനി എന്ന കവിതാ സമാഹാരത്തിനാണ് പുരസ്‌കാരം. മുന്‍ ചീഫ് സെക്രട്ടറി കൂടിയായ കെ ജയകുമാര്‍, ഗാനരചയിതാവ്, വിവര്‍ത്തകന്‍, ചിത്രകാരന്‍, തിരക്കഥാകൃത്ത് എന്നീ നിലകളില്‍ ശ്രദ്ധേയനാണ്. നിലവില്‍ കേരള സര്‍ക്കാരിന്റെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഡയറക്ടറാണ്.
കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം വളരെ പ്രധാനപ്പെട്ട അംഗീകാരമായി കരുതുന്നുവെന്ന് കെ. ജയകുമാര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ഇത്തരം പുരസ്‌കാരങ്ങള്‍ വലിയ ഉത്തരവാദിത്തമാണ് എഴുത്തുകാരന് നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജോലിയില്‍ തുടരവേ തന്നെ നിരവധി പുസ്തകങ്ങള്‍ എഴുതിയ വ്യക്തിയാണ് കെ. ജയകുമാറെന്നും അവാര്‍ഡ് ഏറ്റവും അനുയോജ്യമായ വ്യക്തിക്കാണ് ലഭിച്ചതെന്നും സാഹിത്യ അക്കാദമി സെക്രട്ടറി ശ്രീനിവാസറാവു അഭിപ്രായപ്പെട്ടു. മലയാളത്തിലെ മൂന്നംഗ ജൂറി ഐക്യകണ്‌ഠേന എടുത്ത തീരുമാനമാണെന്ന് സാഹിത്യ അക്കാദമി നിര്‍വാഹക സമിതി അംഗം കെ.പി രാമനുണ്ണി അറിയിച്ചു. 50 വര്‍ഷം നീളുന്ന സാഹിത്യ ജീവിതത്തില്‍ കെ. ജയകുമാറിന് ലഭിക്കുന്ന അംഗീകാരമാണിത്. പ്രഭാ വര്‍മ, കവടിയാര്‍ രാമചന്ദ്രന്‍, കൃഷ്ണന്‍ നമ്പൂതിരി എന്നിവരായിരുന്നു ജൂറി അംഗങ്ങള്‍.