അഹമ്മദാബാദ് വിമാനാപകടത്തിന് ഇന്നേയ്ക്ക് ഒരു വര്‍ഷം; ദുരൂഹത തുടരുന്നു

അഹമ്മദാബാദ് എയര്‍ ഇന്ത്യ വിമാനാപകടത്തിന് ഇന്നേയ്ക്ക് ഒരു വര്‍ഷം. ഇന്ത്യന്‍ വ്യോമയാന ചരിത്രത്തിലെ ഏറ്റവും ദാരുണമായ ദുരന്തങ്ങളിലൊന്നായിരുന്നു 2025 ജൂണ്‍ 12-ന് ഗുജറാത്തിലെ അഹമ്മദാബാദില്‍ ഉണ്ടായ എയര്‍ ഇന്ത്യ AI 171 വിമാനാപകടം. ബോയിങ് ഡ്രീംലൈനര്‍ വിമാനങ്ങളുടെ ചരിത്രത്തിലെ ആദ്യത്തെ മാരകമായ അപകടമായിരുന്നു ഇത്.

എയര്‍ ഇന്ത്യ 171 റണ്‍വേ- 23-ല്‍ നിന്നും ഉച്ചയ്ക്ക് 1.38-ന് ടേക്ക് ഓഫ് ചെയ്യുന്നു. ലണ്ടനിലെ ഗാറ്റ്വിക് വിമാനത്താവളത്തിലേക്കാണ് യാത്ര. 230 യാത്രക്കാരും 12 ജീവനക്കാരുമുള്‍പ്പെടെ ആകെ 242 പേരാണ് ബോയിംഗ് 787-8 ഡ്രീംലൈനര്‍ വിമാനത്തിലുണ്ടായിരുന്നത്. ടേക്ക് ഓഫ് ചെയ്ത് കൃത്യം 3 സെക്കന്‍ഡുകള്‍ക്ക് ശേഷം, രണ്ട് എഞ്ചിനുകളിലേക്കുമുള്ള ഇന്ധന നിയന്ത്രണ സ്വിച്ചുകള്‍ ഒന്നിനുപുറകെ ഒന്നായി റണ്‍ പൊസിഷനില്‍ നിന്നും കട്ട് ഓഫ് പൊസിഷനിലേക്ക് മാറ്റപ്പെട്ടു. പൈലറ്റുമാര്‍ അടിയന്തര ‘മേയ് ഡേ’ സന്ദേശം അയച്ചു. പക്ഷേ പറന്നുയര്‍ന്ന് 32 സെക്കന്‍ഡുകള്‍ കഴിഞ്ഞപ്പോള്‍, വിമാനത്താവളത്തില്‍ നിന്നും 1.7 കിലോമീറ്റര്‍ അകലെയുള്ള ബി. ജെ. മെഡിക്കല്‍ കോളേജ് ഹോസ്റ്റല്‍ സമുച്ചയത്തിന് മുകളിലേക്ക് വിമാനം തകര്‍ന്നുവീണു. വന്‍ തീപിടിത്തമുണ്ടായി. ഹോസ്റ്റല്‍ കെട്ടിടങ്ങള്‍ക്കും പരിസര പ്രദേശങ്ങള്‍ക്കും കനത്ത നാശനഷ്ടങ്ങള്‍ സംഭവിച്ചു.

വിമാനത്തിലുണ്ടായിരുന്ന 242 പേരില്‍ 12 ജീവനക്കാരും 229 യാത്രക്കാരും മരണപ്പെട്ടു. ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയും മരിച്ചവരില്‍ ഉള്‍പ്പെട്ടു. എമര്‍ജന്‍സി എക്സിറ്റിന് അരികിലെ 11A സീറ്റിലിരുന്ന വിശ്വാസ് കുമാര്‍ രമേഷ് എന്ന 40 കാരനായ ബ്രിട്ടീഷ് പൗരന്‍ മാത്രമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. വിമാനം തകര്‍ന്നുവീണത് ഹോസ്റ്റലിന് മുകളിലായതിനാല്‍ അവിടെയുണ്ടായിരുന്ന വിദ്യാര്‍ത്ഥികളും ഡോക്ടര്‍മാരും വഴിയാത്രക്കാരുമടക്കം 19 പേര്‍ കൊല്ലപ്പെട്ടു.

60-ലധികം ആളുകള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മൊത്തം 260 പേരാണ് കൊല്ലപ്പെട്ടത്. മരിച്ചവരെ തിരിച്ചറിയാന്‍ ഡി.എന്‍.എ പരിശോധനകള്‍ നടത്തേണ്ടി വന്നു. എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയാണ് അപകടത്തെക്കുറിച്ച് അന്വേഷണം നടത്തിയത്. വിമാനം ടേക്ക് ഓഫ് ചെയ്ത ഉടന്‍ ഉണ്ടായ പരിഭ്രാന്തിയില്‍ പൈലറ്റിന് സംഭവിച്ച ഗുരുതരമായ പിഴവോ മനഃപൂര്‍വമായ നടപടിയോ മൂലമാണ് എഞ്ചിനുകള്‍ ഓഫായതെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍.

Scroll to Top