അസര്‍ബൈജാന്‍ എയര്‍ലൈന്‍സ് വിമാനം തകര്‍ന്ന് 38 പേര്‍ മരിച്ച സംഭവത്തില്‍ അസെര്‍ബൈജാന്‍ പ്രസിഡന്റ് ഇല്‍ഹാം അലിയേവിനോട് മാപ്പ് പറഞ്ഞ് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍. റഷ്യന്‍ വ്യോമമേഖലയില്‍ വച്ച് അപകടം നടന്നതിലാണ് അസര്‍ബൈജാനോട് പുടിന്‍ ക്ഷമ ചോദിച്ചത്. അപകടത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാതെയായിരുന്നു പുടിന്‍ ക്ഷമ ചോദിച്ചത്.
‘റഷ്യയുടെ വ്യോമമേഖലയില്‍ നടന്ന അപകടത്തിന് ക്ഷമ ചോദിക്കുന്നു. ചെച്നിയയിലെ ഗ്രോസ്‌നിയില്‍ വിമാനം ഇറങ്ങാന്‍ ശ്രമിക്കുമ്പോള്‍, റഷ്യന്‍ വ്യോമ പ്രതിരോധ സംവിധാനം യുക്രെയ്ന്‍ ഡ്രോണുകള്‍ തടയുന്നതിനിടെ ആണ് ‘ദുരന്ത’മുണ്ടായതെന്നും’ പുടിന്‍ പറഞ്ഞു. അസെര്‍ബൈജാന്‍ പ്രസിഡന്റുമായി പുടിന്‍ ഫോണിലാണ് ഖേദം പ്രകടിപ്പിച്ചത്. അപകടത്തിന് പിന്നില്‍ റഷ്യയാണെന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് ക്ഷമാപണം.
കസാക്കിസ്ഥാനിലെ അക്തൗവിന് സമീപമാണ് 67 യാത്രക്കാരുമായിപോയ വിമാനം അപകടത്തില്‍പ്പെടുന്നത്. രണ്ട് പൈലറ്റുമാര്‍ ഉള്‍പ്പെടെ 38 പേര്‍ അപകടത്തില്‍ മരിച്ചു. വിമാനം തകര്‍ന്ന സംഭവത്തില്‍ ബാഹ്യഇടപെടലുണ്ടെന്ന് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. വിമാനാപകടത്തിന് പിന്നില്‍ റഷ്യന്‍ വിമാന വിരുദ്ധ സംവിധാനമാണെന്ന് നേരത്തെതന്നെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
അതേസമയം, പാസഞ്ചര്‍ ജെറ്റ് തെക്കന്‍ റഷ്യയില്‍ ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ, ഗ്രോസ്നി, വ്ളാഡികാവ്കാസ് നഗരങ്ങളിലെ സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങളില്‍ യുക്രൈനിയന്‍ കോംബാറ്റ് ഡ്രോണുകള്‍ ആക്രമണം നടത്തുകയായിരുന്നു ഇതിന്റെ പശ്ചാത്തലത്തില്‍, പ്രദേശത്തെ വ്യോമാതിര്‍ത്തി അടച്ചിരുന്നു. അപകടത്തില്‍പ്പെട്ട ജെ 2-8243 വിമാനത്തിന്റെ പൈലറ്റ് രണ്ട് തവണ ഗ്രോന്‍സിയില്‍ ലാന്‍ഡ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും പരാജയപെടുകയായിരുന്നു.ഇതോടെ മറ്റ് വിമാനത്താവളങ്ങളില്‍ ഇറങ്ങാന്‍ അധികൃതര്‍ നിര്‍ദേശിച്ചു. ഇതോടെ പൈലറ്റ് കസാക്കിസ്ഥാനിലെ കാസ്പിയന്‍ കടലിന് കുറുകെയുള്ള അക്താവു വിമാനത്താവളത്തിലേക്ക് പോകാന്‍ തീരുമാനിച്ചു. സംഭവസമയത്ത് പ്രദേശത്ത് കനത്ത മൂടല്‍മഞ്ഞ് ഉണ്ടായിരുന്നുവെന്നും റഷ്യയുടെ ഫെഡറല്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് ഏജന്‍സി മേധാവി സിഎന്‍എന്നിനോട് പറഞ്ഞു.