ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യന്‍ ടീമിന് തിരിച്ചടി, ബുമ്ര ഗ്രൂപ്പ് മത്സരങ്ങള്‍ക്കില്ല; റിപ്പോര്‍ട്ട്
മുംബൈ: ചാമ്പ്യന്‍സ് ട്രോഫിക്കായി ഒരുങ്ങുന്ന ഇന്ത്യന്‍ ടീമിന് കനത്ത തിരിച്ചടി. ഗ്രൂപ്പ് മത്സരങ്ങളില്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുമ്ര കളിച്ചേക്കില്ലെന്നാണ് ഏറ്റവും പുതിയ വിവരങ്ങള്‍. പാകിസ്ഥാനെതിരായ മത്സരവും താരത്തിന് നഷ്ടമായേക്കും. ഓസ്‌ട്രേലിയന്‍ ടെസ്റ്റ് പരമ്പരയ്ക്കിടെയുണ്ടായ പുറംവേദന കാരണം ബുമ്രയ്ക്ക് വിശ്രമം നല്‍കാന്‍ ധാരണ. അന്തിമ തീരുമാനം വിദഗ്ധ പരിശോധനയ്ക്ക് ശേഷമാകും.
ഏറ്റവും മികച്ച എട്ട് ഏകദിന ടീമുകള്‍ ഉള്‍പ്പെടുന്ന ചാമ്പ്യന്‍സ് ട്രോഫി ഫെബ്രുവരി 19 നാണ് ആരംഭിക്കുന്നത്. കറാച്ചി, റാവല്‍പിണ്ടി, ലാഹോര്‍, ദുബായ് എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക. ഇന്ത്യയുടെ മത്സരങ്ങള്‍ക്കാണ് ദുബായ് വേദിയൊരുക്കുക. ഈ മാസം അവസാനം ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമിനെ തിരഞ്ഞെടുക്കാന്‍ ശനിയാഴ്ച മുംബൈയില്‍ സെലക്ടര്‍മാര്‍ യോഗം ചേര്‍ന്നിരുന്നു.
ബുമ്രയുടെ ഫിറ്റ്‌നസും ചര്‍ച്ചയായതായാണ് വിവരം. ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ടീമിനെ പ്രഖ്യാപിക്കാനുള്ള സമയപരിധി ഞായറാഴ്ചയാണെങ്കിലും ബിസിസിഐ അത് നീട്ടണമെന്ന് ആവശ്യപ്പെട്ടിരുന്നു. 15 അംഗ ടീമില്‍ ബുമ്രയെ ഉള്‍പ്പെടുത്തണോ അതോ ടൂര്‍ണമെന്റിനുള്ള റിസര്‍വ് കളിക്കാരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണോ എന്ന കാര്യമാണ് സെലക്ടര്‍മാര്‍ പരിഗണിക്കുന്നത്. ബിസിസിഐ ആദ്യം ഒരു താല്‍ക്കാലിക ടീമിനെ പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ട്. ഫെബ്രുവരി 12 വരെ ടീമുകളില്‍ മാറ്റങ്ങള്‍ വരുത്താന്‍ കഴിയുമെന്നതിനാല്‍ ബുമ്രയുടെ ഫിറ്റ്‌നസ് നിരീക്ഷിക്കാന്‍ സമയമുണ്ട്.
മാര്‍ച്ച് ആദ്യവാരത്തോടെ മാത്രമേ ബുമ്ര പൂര്‍ണ ഫിറ്റന്‌സ് വീണ്ടെടുക്കൂ എന്നാണ് ബിസിസിഐയോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ബുമ്ര ഉടന്‍ എന്‍സിഎയിലേക്ക് പോകും. അവിടെ മൂന്നാഴ്ചത്തേക്ക് നിരീക്ഷണം തുടരും. പരിശീലന മത്സരങ്ങള്‍ ആണെങ്കിലും ഫിറ്റ്‌നസ് വീണ്ടെടുത്തോ എന്നറിയാന്‍ ഒന്നോ രണ്ടോ മത്സരങ്ങള്‍ കളിച്ച ശേഷമാകും അന്തിമ തീരുമാനം എടുക്കുക എന്നാണ് റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കുന്നത്.