സിസിടിവി സര്‍വീസ് ചെയ്യുന്ന സമയത്ത് അഞ്ചംഗം സംഘം ബാങ്കിലേക്ക് ഇരച്ചുകയറി; തോക്കുചൂണ്ടി കൊള്ള കര്‍ണാടകത്തില്‍
ഉള്ളാള്‍ കെസി റോഡിലുള്ള കോടെക്കര്‍ സഹകാരി ബാങ്കില്‍ അഞ്ചംഗ സംഘം തോക്കുചൂണ്ടി കൊള്ള നടത്തി
ബെംഗളൂരു: . മംഗലാപുരത്തെ ഉള്ളാളിലുള്ള സഹകരണ ബാങ്കില്‍ നിന്ന് തോക്ക് ചൂണ്ടി 10 കോടിയോളം വരുന്ന സ്വര്‍ണവും അഞ്ച് ലക്ഷം രൂപയും കവര്‍ന്നു. ഉള്ളാള്‍ കെസി റോഡിലുള്ള കോടെക്കര്‍ സഹകാരി ബാങ്കിലാണ് കവര്‍ച്ച നടന്നത്. മുഖം മൂടി ധരിച്ച സംഘം ഉച്ചയ്ക്ക് 1 മണിയോടെ ബാങ്കിലെത്തി. ഈ സമയത്ത് ബാങ്കിലുണ്ടായിരുന്ന ജീവനക്കാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി ബാങ്കില്‍ അപ്പോഴുണ്ടായിരുന്ന എല്ലാ പണവും സ്വര്‍ണവും കൊള്ളയടിക്കുകയായിരുന്നു.
കവര്‍ച്ച നടന്ന സമയത്ത് ബാങ്കിലെ സിസിറ്റിവികള്‍ സര്‍വീസ് ചെയ്യുകയായിരുന്നു. ബാങ്കിന് അകത്തുള്ള ഒരു ദൃശ്യവും പൊലീസിന് ലഭിച്ചില്ല. ബാങ്കിന് പുറത്തുനിന്നുള്ള ഒരു ദൃശ്യം മാത്രമേ ലഭിച്ചിട്ടുള്ളൂ. സംഘത്തില്‍ ഉണ്ടായിരുന്നത് അഞ്ച് പേരാണെന്ന് സിസിടിവി നോക്കി തിരിച്ചറിഞ്ഞിട്ടുണ്ട്. സിസിറ്റിവി സര്‍വീസ് ചെയ്യുകയാണെന്ന് അറിയാവുന്ന ബാങ്കുമായി ബന്ധമുള്ള ആര്‍ക്കോ ഈ കവര്‍ച്ചയില്‍ പങ്കുണ്ടെന്നാണ് കരുതുന്നത്. കവര്‍ച്ചയ്ക്ക് ശേഷം മോഷ്ടാക്കള്‍ കാറില്‍ മംഗലാപുരം ഭാഗത്തേക്ക് രക്ഷപ്പെട്ടുവെന്നാണ് നിഗമനം.