കേന്ദ്ര ബജറ്റില്‍ മാലിദ്വീപിന് സന്തോഷവും ആശ്വാസവും. ഭരണമാറ്റത്തെ തുടര്‍ന്ന് ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം വഷളായ മാലിദ്വീപിന് 2024 ലെ ബജറ്റില്‍ ധനസഹായം വെട്ടിക്കുറച്ചിരുന്നു. എന്നാല്‍ ഇത്തവണത്തെ ബജറ്റില്‍ ധനസഹായം 28 ശതമാനം ഉയര്‍ത്തി. ?600 കോടിയാണ് ദ്വീപ് രാഷ്ട്രത്തിന് വകയിരുത്തിയത്. സൗഹൃദ രാജ്യങ്ങള്‍ക്കുള്ള ധനസഹായത്തില്‍ ഏറ്റവും കൂടുതല്‍ സഹായം ലഭിച്ചത് ഭൂട്ടാനാണ്, 2,150 കോടി രൂപ.
വികസന സഹായമായാണ് തുക വകയിരുത്തിയത്. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ 470 കോടി രൂപയായിരുന്നു അനുവദിച്ചത്. 2024 ലെ പൊതു തെരഞ്ഞെടുപ്പിന് മുന്‍പ് അവതരിപ്പിച്ച ഇടക്കാല ബജറ്റില്‍ മാലിദ്വീപിന് 600 കോടി രൂപ വകയിരുത്തിയിരുന്നു. എന്നാല്‍ വീണ്ടും അധികാരത്തിലെത്തിയതിന് പിന്നാലെ അവതരിപ്പിച്ച പൊതു ബജറ്റില്‍ ഈ ധനസഹായം 400 കോടിയായി വെട്ടിച്ചുരുക്കുകയായിരുന്നു. പിന്നീട് 470 കോടിയായി പരിഷ്‌കരിച്ചിരുന്നു.
2024 ജനുവരിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദര്‍ശനത്തെ തുടര്‍ന്ന് ചില മാലിദ്വീപ് നേതാക്കള്‍ നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളാണ് നയതന്ത്ര ബന്ധം വഷളാക്കിയത്. ഇതേ തുടര്‍ന്നാണ് ധനസഹായം വെട്ടിക്കുറച്ചത്. പ്രധാനമന്ത്രിയുടെ ലക്ഷദ്വീപ് സന്ദര്‍ശനവും അവിടുത്തെ ടൂറിസം സാധ്യതകളും അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയായതോടെ മാലിദ്വീപ് വലിയ സമ്മര്‍ദ്ദത്തിലായി. ‘ഇന്ത്യ ഔട്ട്’ പ്രചാരണം നടത്തിയ മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു അപായം തിരിച്ചറിഞ്ഞ് 2024 ഒക്ടോബറില്‍ ഇന്ത്യ സന്ദര്‍ശിച്ച ശേഷമാണ് ബന്ധം നന്നായത്.
അയല്‍രാജ്യ സഹായ സഹകരണ പദ്ധതിയില്‍ നേപ്പാളിന് 700 കോടി രൂപയും ലഭിച്ചു. മൗറീഷ്യസിനുള്ള സഹായം 576 കോടി രൂപയില്‍ നിന്ന് 500 കോടി രൂപയായും മ്യാന്‍മറിന്റെ വിഹിതം 400 കോടി രൂപയില്‍ നിന്ന് 350 കോടി രൂപയായും കുറഞ്ഞു. ബംഗ്ലാദേശും ശ്രീലങ്കയും തങ്ങളുടെ മുന്‍ വിഹിതം യഥാക്രമം 120 കോടി രൂപയും 300 കോടി രൂപയും നിലനിര്‍ത്തി. ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കുള്ള സഹായം 200 കോടി രൂപയില്‍ നിന്ന് 225 കോടി രൂപയായി വര്‍ധിച്ചു.