; മാസങ്ങളായി കെണിയൊരുക്കി വെച്ചു
ആലപ്പുഴ പുന്നപ്രയില്‍ അമ്മയുടെ ആണ്‍സുഹൃത്തിനെ ഷോക്കടിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ മകന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. മകന്‍ കിരണ്‍, മാതാപിതാക്കളായ കുഞ്ഞുമോന്‍, അശ്വമ്മ എന്നിവര്‍ക്കെതിരെ ആണ് കേസെടുത്തത്. കൊലപ്പെടുത്താനായി മാസങ്ങളായി കെണിയൊരുക്കിവെച്ചെന്നും പൊലീസ് കണ്ടെത്തി.
ദിനേശനെ കൊലപ്പെടുത്താന്‍ മുന്‍പ് ഒരു ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടിരുന്നു. വീടിന് പിന്നില്‍ കമ്പി കെട്ടിയായിരുന്നു കെണി ഒരുക്കിയത്. കൊല്ലപ്പെട്ട ദിനേശന്‍ വീട്ടിലെത്തുമെന്ന് അറിഞ്ഞത് അമ്മയുടെ ഫോണിലെ മെസേജില്‍ നിന്നായിരുന്നു. മരണം ഉറപ്പാക്കും വരെ വൈദ്യുതാഘാതം ഏല്‍പ്പിച്ചു. ഷോക്കേറ്റ് വീണ ദിനേശനെ കയ്യില്‍ കമ്പിവടി പിടിപ്പിച്ച് വീണ്ടും ഷോക്കടിപ്പിച്ചു.
മാതാവിന് മറ്റൊരാളുമായുള്ള ബന്ധത്തെ തുടര്‍ന്നുള്ള നാണക്കേടാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രതിയുടെ മൊഴി. കൊലപാതകത്തിന് പിന്നില്‍ വര്‍ഷങ്ങള്‍ നീണ്ട പകയാണ്. വീടിന്റെ പിന്‍ഭാഗത്ത് വൈദ്യുതാഘാതം ഏല്‍ക്കാത്തക്ക രീതിയില്‍ വയര്‍ ഘടിപ്പിക്കുകയായിരുന്നു. കൊലപാതക ശേഷം കിരണ്‍ അമ്മയെയും അറിയിച്ചു. പിന്നീട് മൃതദേഹം പാടത്ത് ഉപേക്ഷിക്കുകയായിരുന്നു. കിരണിന്റെ അയല്‍വാസി കൂടെയാണ് കൊല്ലപ്പെട്ട ദിനേശന്‍.
കൊലപാതക ശേഷം പിതാവുമായി ചേര്‍ന്ന് കിരണ്‍ പാടശേഖരത്ത് ദിനേശന്റെ മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഷോക്കേറ്റ് മരണമെന്നായിരുന്നു. എന്നാല്‍ മൃതദേഹം കിടന്ന സ്ഥലത്ത് ഷോക്കേല്‍ക്കാനുള്ള സാഹചര്യം ഇല്ലായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കിരണും പിതാവും അമ്മയും പിടിയിലായത്.