‘നവീന്‍ ബാബു കൈക്കൂലി വാങ്ങിയിട്ടില്ല എന്ന് ജനങ്ങള്‍ക്ക് അറിയാം’; പ്രതികരിച്ച് ഭാര്യ മഞ്ജുഷ
‘നവീന്‍ ബാബുവിന് എതിരെയുള്ളത് വെറും ആരോപണം മാത്രമായിരുന്നു’
തിരുവനന്തപുരം : കണ്ണൂര്‍ മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ പ്രതികരിച്ച് ഭാര്യ മഞ്ജുഷ. നവീന്‍ ബാബുവിന് എതിരെയുള്ളത് വെറും ആരോപണം മാത്രമായിരുന്നു. അദ്ദേഹം കൈക്കൂലി വാങ്ങിയിട്ടില്ല എന്ന് എല്ലാ ജനങ്ങള്‍ക്കും അറിയാം. പെട്രോള്‍ പമ്പിന്റെ അനുമതിക്കായി ഒരു കാലതാമസവും നവീന്‍ ബാബു വരുത്തിയിട്ടില്ല. മറ്റ് വകുപ്പുകളില്‍ നിന്ന് പേപ്പര്‍ കിട്ടാനുള്ള കാലതാമസം മാത്രമാണ് ഉണ്ടായതെന്നും ഭാര്യ മഞ്ജുഷ പറഞ്ഞു.
അതേ സമയം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ടിന്റെ പൂര്‍ണ രൂപം റിപ്പോര്‍ട്ടറിന് ലഭിച്ചു. ലാന്റ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ 536 പേജുകളുള്ള അന്വേഷണ റിപ്പോര്‍ട്ട് റിപ്പോര്‍ട്ടര്‍ പുറത്തുവിട്ടു. സംഭവവുമായി ബന്ധപ്പെട്ട് പിപി ദിവ്യ നല്‍കിയ മൊഴിയും റിപ്പോര്‍ട്ടറിന് ലഭിച്ചു. നവീന്‍ ബാബുവിന്റെ മരണത്തില്‍ ദുഖമുണ്ടെന്ന് ദിവ്യ മൊഴി നല്‍കി. നവീന്‍ ബാബുവിനെ പ്രസം?ഗത്തിന് ശേഷം നിരവധി പേര്‍ ബന്ധപ്പെട്ടെന്നും മൊഴിയില്‍ പറയുന്നുണ്ട്. നേരിട്ടും ഫോണിലും നവീനിനെ പലരും ബന്ധപ്പെട്ടു. പരിപാടിയില്‍ പങ്കെടുക്കുന്നുണ്ടോ എന്ന് കലക്ടര്‍ ചോദിച്ചു. പങ്കെടുക്കാമെന്ന് സമ്മതിച്ചെന്നും പിപി ദിവ്യ മൊഴി നല്‍കി. യോഗത്തിനെത്തിയത് കലക്ടര്‍ ക്ഷണിച്ചിട്ടെന്നും പിപി ദിവ്യ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ താന്‍ ക്ഷണിച്ചില്ലെന്നാണ് കളക്ടറുടെ മൊഴി.
തന്റെ പ്രസംഗം സദുദ്ദേശത്തോടെയായിരുന്നു. ദുഷ്ടലാക്ക് ഉണ്ടായിരുന്നില്ല. അഴിമതി രഹിത സര്‍ക്കാരിന് വേണ്ടിയായിരുന്നു പ്രസംഗം. മെച്ചപ്പെട്ട സേവനം ഉറപ്പുവരുത്താനായിരുന്നു പ്രസംഗമെന്നും ദിവ്യ മൊഴി നല്‍കി.തന്റെ പ്രസ്താവന പിന്നീട് എഡിഎം തിരുത്തിയില്ല എന്നും ദിവ്യയുടെ മൊഴി. ഫയലുകള്‍ നീട്ടിക്കൊണ്ട് പോകരുതെന്ന നിലപാടാണ് തനിക്കുള്ളത്. തന്റെ സംഘടനാ പാടവവും മൊഴിയില്‍ ദിവ്യ വിശദീകരിക്കുന്നുണ്ട്. കണ്ണൂര്‍ ജില്ലാ പഞ്ചായത്താക്കിയെന്നും മൊഴി. ഫയലില്‍ ഒരു ജീവിതമുണ്ടെന്ന മുഖ്യമന്ത്രിയുടെ പ്രസംഗവും മൊഴിയിലുണ്ട്.