മാര്‍ച്ച് 18ന് നടന്ന സംഭവം സമൂഹമാധ്യമങ്ങളിലൂടെ വൈറലായതോടെയാണ് പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുന്നത്. ബുധനാഴ്ചയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
മാല്‍പെ: മീന്‍ മോഷ്ടിച്ചെന്നാരോപിച്ച് യുവതിയെ മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ച സംഭവത്തില്‍ 4 പേര്‍ അറസ്റ്റില്‍. കര്‍ണാടക ഉഡുപ്പിയിലെ മാല്‍പേയിലാണ് സംഭവം. മാര്‍ച്ച് 18ന് നടന്ന സംഭവം സമൂഹമാധ്യമങ്ങളിലൂടെ വൈറലായതോടെയാണ് പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുന്നത്. ബുധനാഴ്ചയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. വീഡിയോയില്‍ യുവതിയെ മര്‍ദ്ദിക്കുന്നവരെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ പൊലീസ് ആരംഭിച്ചിട്ടുണ്ട്. സംഭവം മനുഷ്യത്വ രഹിതമെന്നാണ് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതികരിച്ചത്.
സ്ത്രീകള്‍ അടക്കം നാല് പേരാണ് നിലവില്‍ അറസ്റ്റിലായിട്ടുള്ളത്. നിരവധി ആളുകള്‍ നോക്കി നില്‍ക്കെയാണ് മീന്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് യുവതിയെ മര്‍ദ്ദിച്ചത്. ഇതിന് പിന്നാലെ യുവതിയെ മരത്തിലും കെട്ടിയിട്ട് മുഖത്തടിക്കുകയായിരുന്നു. ദളിത് വിഭാഗത്തിലുള്ളവര്‍ക്കെതിരായ അതിക്രമം തടയല്‍ അടക്കമുള്ള വകുപ്പുകളാണ് സംഭവത്തില്‍ പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. വിജയനഗര സ്വദേശിയായ യുവതിയാണ് പൊതുജന മധ്യത്തില്‍ വച്ച് ആക്രമിക്കപ്പെട്ടത്.
സുന്ദര്‍, ശില്‍പ, ലക്ഷ്മി ഭായി എന്നിവരും മറ്റൊരാളുമാണ് അറസ്റ്റിലായിട്ടുള്ളത്. സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി ഉഡുപി ഡെപ്യൂട്ടി കമ്മീഷണര്‍ വിദ്യാ കുമാരി കെ വിശദമാക്കി. എന്തിന്റെ പേരിലും ആളുകളെ കൈകാര്യം ചെയ്യുന്നത് നിയമ വിരുദ്ധമാണ്. സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ എസ്പിക്ക് നിര്‍ദ്ദേശം നല്‍കിയതായി ഡെപ്യൂട്ടി കമ്മീഷണര്‍ ദേശീയ മാധ്യമങ്ങളോട് വിശദമാക്കി. ഇത്തരം സംഭവങ്ങളില്‍ അക്രമം തടയാനായി ആളുകള്‍ ഇടപെടാത്തത് ആശങ്കപ്പെടുത്തുന്നതാണെന്നാണ് കെപിസിസി വക്താവ് വെറോണിക്ക കൊര്‍ണേലിയോ പ്രതികരിക്കുന്നത്.