കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്റെ എതിര്‍പ്പുകള്‍ തള്ളിക്കൊണ്ടാണ് ആരോഗ്യവകുപ്പ് പദ്ധതിയുമായി മുന്നോട്ടുപോകുന്നത്. പുതിയ തസ്തികകള്‍ സൃഷ്ടിക്കാതെ, പ്രധാന ആശുപത്രികളിലെ ആറ് സ്‌പെഷ്യാലിറ്റി വിഭാഗങ്ങളില്‍ മുഴുവന്‍ സമയവും സേവനം ലഭ്യമാക്കുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ 24 മണിക്കൂറും സ്‌പെഷ്യലിസ്റ്റ് സേവനം ഉറപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി ഡോക്ടര്‍മാരുടെ പുനര്‍വിന്യാസത്തിനുള്ള അന്തിമ രൂപരേഖയായി. കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്റെ എതിര്‍പ്പുകള്‍ തള്ളിക്കൊണ്ടാണ് ആരോഗ്യവകുപ്പ് പദ്ധതിയുമായി മുന്നോട്ടുപോകുന്നത്. പുതിയ തസ്തികകള്‍ സൃഷ്ടിക്കാതെ, പ്രധാന ആശുപത്രികളിലെ ആറ് സ്‌പെഷ്യാലിറ്റി വിഭാഗങ്ങളില്‍ മുഴുവന്‍ സമയവും സേവനം ലഭ്യമാക്കുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. പദ്ധതി ആദ്യമായി നടപ്പിലാക്കുന്ന പുനലൂരില്‍ 15 സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരെയാണ് അധികമായി ആവശ്യമായി വരുന്നത്. കൊല്ലം ജില്ലയില്‍ മാത്രം പ്രാഥമിക, സാമൂഹ്യ ആരോഗ്യകേന്ദ്രങ്ങളില്‍ നിന്നുള്ള 74 ഡോക്ടര്‍മാരെ പുനര്‍വിന്യസിക്കും. കൂടാതെ, ആവശ്യാനുസരണം നഴ്‌സുമാരെയും മറ്റ് ജീവനക്കാരെയും മാറ്റി നിയമിക്കുകയും, ആവശ്യമെങ്കില്‍ പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ നിന്നുള്ള സേവനം പ്രയോജനപ്പെടുത്തുകയും ചെയ്യും. ഈ മാതൃക പിന്നീട് സംസ്ഥാനത്തെ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കും.
ഈ പദ്ധതിക്കായി പുതിയ തസ്തികകള്‍ സൃഷ്ടിക്കില്ലെങ്കിലും, പി.ജി യോഗ്യതയുള്ള അസിസ്റ്റന്റ് സര്‍ജന്മാരെ ജൂനിയര്‍ കണ്‍സള്‍ട്ടന്റുമാരായി താത്കാലികമായി നിയമിക്കുകയും പിന്നീട് ഈ തസ്തികകള്‍ പുനര്‍നാമകരണം ചെയ്യുകയും ചെയ്യും. പുനര്‍വിന്യസിക്കുന്ന സ്‌പെഷ്യലിസ്റ്റുകള്‍ക്ക് പകരമായി, ജോലിഭാരം കുറഞ്ഞ ആശുപത്രികളില്‍ നിന്നും പുതുതായി നിയമിക്കുന്ന പി.ജി യോഗ്യതയുള്ള അസിസ്റ്റന്റ് സര്‍ജന്മാരില്‍ നിന്നും ഡോക്ടര്‍മാരെ കണ്ടെത്തി നിയമിക്കും. പൊതുജനങ്ങള്‍ക്ക് മികച്ചതും തടസ്സമില്ലാത്തതുമായ ചികിത്സാ സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിനാണ് ആരോഗ്യവകുപ്പ് ഈ സമഗ്ര പുനര്‍വിന്യാസ പദ്ധതി നടപ്പിലാക്കുന്നത്.




