ഓണനിറവില്‍ എല്‍.ഐ.സി. കാസര്‍ഗോഡ് ശാഖ;വര്‍ണാഭമായി ‘Z’ ONAM’ ആഘോഷം

കാസര്‍ഗോഡ്: ദക്ഷിണ മേഖലയിലെ ഏറ്റവും വലിയ ശാഖയായ എല്‍.ഐ.സി. കാസര്‍ഗോഡ് ശാഖയില്‍ ഓണക്കാലത്തിന്റെ ഐക്യവും സൗഹൃദവും ആഘോഷമാക്കി ‘Z’ONAM’ എന്ന പേരില്‍ വിപുലമായ ഓണാഘോഷം സംഘടിപ്പിച്ചു. കേരളം, തമിഴ്‌നാട്, പുതുച്ചേരി എന്നിവ ഉള്‍പ്പെടുന്ന എല്‍.ഐ.സി. ദക്ഷിണ മേഖലയിലെ ഉദ്യോഗസ്ഥരും ജീവനക്കാരും ഏജന്റ് സുഹൃത്തുക്കളും പങ്കെടുത്ത ആഘോഷം ആവേശത്തിന്റെയും കൂട്ടായ്മയുടെയും വേദിയായി.

ദക്ഷിണ മേഖലാ മാനേജര്‍ ശ്രീ. മുരളീധര്‍ ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്തു. ആര്‍.എം. (മാര്‍ക്കറ്റിംഗ്) ശ്രീ. ബിജുമോന്‍, കോഴിക്കോട് ഡിവിഷന്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ ശ്രീ. ജയന്‍, മാനേജര്‍ (സെയില്‍സ്) ശ്രീ. ഗോവിന്ദ് എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.

കാസര്‍ഗോഡ് സീനിയര്‍ ബ്രാഞ്ച് മാനേജര്‍ ശ്രീ. എം.പി. ശ്രീജിത്ത്, എ.ഡി.എം. ശ്രീമതി പ്രീത പ്രേമന്‍ എന്നിവരും ചടങ്ങില്‍ സംസാരിച്ചു.

പൂക്കളവും പുഞ്ചിരികളും നിറഞ്ഞ ഓണാന്തരീക്ഷത്തില്‍ ഡെവലപ്മെന്റ് ഓഫീസര്‍മാര്‍, ശാഖയിലെ ജീവനക്കാര്‍, ഏജന്റ് സുഹൃത്തുക്കള്‍ എന്നിവര്‍ ഒത്തുചേര്‍ന്ന് ആഘോഷത്തിന് മാറ്റുകൂട്ടി. വര്‍ണശബളമായ ഓണഘോഷയാത്ര ആഘോഷത്തിന്റെ പ്രധാന ആകര്‍ഷണമായി. തുടര്‍ന്ന് വിവിധ കലാപരിപാടികളും വിനോദ പരിപാടികളും അരങ്ങേറി.

ഒരുമയുടെ സന്ദേശവും സൗഹൃദത്തിന്റെ നിറവും പകര്‍ന്ന ‘Z’ONAM’, എല്‍.ഐ.സി. കുടുംബത്തിന്റെ കൂട്ടായ്മയും ഊര്‍ജവും വിളിച്ചോതിയ അവിസ്മരണീയമായ ആഘോഷമായി മാറി.

Scroll to Top