തന്നെ ലക്ഷ്യമിട്ട് ബോധപൂര്‍വ്വം മെനഞ്ഞ കള്ളക്കഥ, വീണ അത് സമ്മതിച്ചുവെന്നത് പച്ചക്കളം’; വാര്‍ത്ത തള്ളി മുഹമ്മദ് റിയാസ്

ഇഡി അന്വേഷണവുമായി ബന്ധപ്പെട്ട മാധ്യമവാര്‍ത്ത തള്ളി മുഹമ്മദ് റിയാസ് രംഗത്ത്. തന്നെ വ്യക്തിഹത്യ ചെയ്യാന്‍ ഇഡി മെനഞ്ഞ കള്ളക്കഥയാണിതെന്ന് റിയാസിന്റെ പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റിലൂടെ ആണ് റിയാസ് പ്രതികരണം പങ്കുവെച്ചത്.
തിരുവനന്തപുരം: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണവുമായി ബന്ധപ്പെട്ട ഹവാല തെളിവുകളെക്കുറിച്ചുള്ള വിവരങ്ങളില്‍ പ്രതികരണവുമായി മുന്‍ മന്ത്രി മുഹമ്മദ് റിയാസ്. ഇഡി അന്വേഷണവുമായി ബന്ധപ്പെട്ട മാധ്യമവാര്‍ത്ത തള്ളിയ മുഹമ്മദ് റിയാസ്, തന്നെ വ്യക്തിഹത്യ ചെയ്യാന്‍ ഇഡി മെനഞ്ഞ കള്ളക്കഥയാണിതെന്നും ഇത്തരം കാര്യങ്ങള്‍ ഇഡിക്ക് മുന്നില്‍ വീണ സമ്മതിച്ചുവെന്നത് പച്ചക്കള്ളമാണെന്നും വ്യക്തമാക്കി. ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റിലൂടെ ആണ് മുഹമ്മദ് റിയാസിന്റെ പ്രതികരണം.

മുഹമ്മദ് റിയാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്
‘ഇന്നത്തെ മാധ്യമങ്ങളില്‍ ഇഡി അന്വേഷണവുമായി ബന്ധപ്പെട്ടു പുതിയ അസംബന്ധങ്ങള്‍ ഉണ്ട്. ഇഡി ചോര്‍ത്തിക്കൊടുത്ത റിപ്പോര്‍ട്ടില്‍ അത്തരം കാര്യങ്ങള്‍ ഉണ്ടെങ്കില്‍, അത് എന്നെ വ്യക്തിഹത്യ ചെയ്യാന്‍ ലക്ഷ്യമിട്ട് ബോധപൂര്‍വ്വം മെനഞ്ഞ കള്ളക്കഥയാണ്. ഇത്തരം കാര്യങ്ങള്‍ വീണ ഇഡിക്കു മുന്നില്‍ സമ്മതിച്ചു എന്ന് ഇഡി ചോര്‍ത്തി നല്‍കിയ വാര്‍ത്തയില്‍ പറയുന്നുണ്ട്. ഇത് പച്ചക്കള്ളമാണ്. ഇഡി അന്വേഷണം എന്ന പേരില്‍ ചോര്‍ത്തിക്കൊടുത്ത ഇത്തരം അസംബന്ധ വിവരങ്ങളിലൂടെ ജീവിക്കുന്ന മനുഷ്യരുടെ പച്ച ഇറച്ചി തിന്ന് രസിക്കുന്നവരുടെ ആട്ടം തുടരട്ടെ’- മുഹമ്മദ് റിയാസ് പറഞ്ഞു.

മാസപ്പടി കേസ്: ഇഡിയുടെ കത്തില്‍ ഹവാല ഇടപാടിന്റെ വിവരങ്ങളും; വീണ 20.5 കോടിയുടെ ഇടപാട് നടത്തി, വിദേശത്തേക്ക് പണം അയച്ചെന്നും തെളിവുകള്‍
പിണറായി വിജയനെതിരെ ഇഡി ഡിജിപിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ ഹവാല ഇടപാട് നടന്നതിന്റെ നിര്‍ണായക വിവരങ്ങള്‍ ഉണ്ടെന്നാണ് ഏറ്റവും പുതിയ വിവരം. വീണ 20.5 കോടി രൂപയുടെ ഇടപാട് നടത്തിയെന്നും മുഹമ്മദ് റിയാസ് വിദേശത്തേക്ക് പണം അയച്ചെന്നുമാണ് ഇഡിയുടെ കണ്ടെത്തല്‍. ഹവാല ഇടപാട് നടന്നത് വീണ – റിയാസ് വിവാഹത്തിന് ശേഷം ആണെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. ബാങ്ക് രേഖകള്‍ സഹിതം ആണ് തെളിവുകള്‍ നല്‍കിയിരിക്കുന്നത്. റിയാസിന്റെ സുഹൃത്തുക്കളുടെ മൊഴികളും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Scroll to Top