ധാക്ക: വനിതാ ഏഷ്യാ കപ്പ് സെമിയില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് 81 റണ്‍സ് വിജയലക്ഷ്യം.ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിന് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 80 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 32 റണ്‍സെടുത്ത ക്യാപ്റ്റന്‍ നിഗര്‍ സുല്‍ത്താനയും 19 റണ്‍സുമായി പുറത്താകാതെ നിന്ന ഷോര്‍ന അക്തറും മാത്രമാണ് ബംഗ്ലാദേശ് നിരയില്‍ രണ്ടക്കം കടന്നത്. ഇന്ത്യക്കായി രേണുകാ സിംഗ് 10 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ രാധാ യാദവ് 14 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തു.
ടോസിലെ ഭാഗ്യത്തിന് പിന്നാലെ ക്രീസിലിറങ്ങിയ ബംഗ്ലാദേശിന് ആദ്യ ഓവറില്‍ തന്നെ തിരിച്ചടിയേറ്റു. ഓപ്പണര്‍ ദിലാര അക്തറെ(6) പുറത്താക്കിയ രേണുകാ സിംഗാണ് ബംഗ്ലാദേശിന് ആദ്യ പ്രഹരമേല്‍പ്പിച്ചത്. തന്റെ രണ്ടാം ഓവറില്‍ ഇഷ്മാ താന്‍ജിമിനെ(8)യും മൂന്നാം ഓവറില്‍ മുര്‍ഷിദ ഖാതൂനിനെയും(4) വീഴ്ത്തി രേണുക ബംഗ്ലാദേശിന്റെ തലയരിഞ്ഞു.