ബജ്രംഗ്ദള്‍ നേതാവിന്റെ കൊലപാതകം; മംഗളൂരുവില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ബജ്രംഗ്ദള്‍ മുന്‍ നേതാവ് സുഹാസ് ഷെട്ടിയുടെ കൊലപാതകത്തെ തുടര്‍ന്ന് മംഗളൂരുവില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു. ദക്ഷിണ കന്നട- ഉഡുപ്പി മേഖലകളിലായി മൂന്നുപേര്‍ക്ക് വെട്ടേറ്റു. ഹൈന്ദവ സംഘടനകള്‍ ആഹ്വാനം ചെയ്ത ബന്ദിലും വ്യാപക അക്രമമാണ് ഉണ്ടായത്. ഒരു ഇടവേളയ്ക്കുശേഷം വീണ്ടും സംഘര്‍ഷ ഭൂമിയാകുകയാണ് ദക്ഷിണ കന്നഡ മേഖല. നിരവധി ബസ്സുകള്‍ക്ക് നേരെ കല്ലേറുണ്ടായി. കട കമ്പോളങ്ങളെല്ലാം അടഞ്ഞു കിടന്നു.
ഇന്നലെ അര്‍ദ്ധരാത്രിയിലും ഇന്ന് പുലര്‍ച്ചെയുമായി ഉടുപ്പി ,ദക്ഷിണ കന്നഡ മേഖലകളിലായി മൂന്നു പേര്‍ക്ക് വെട്ടേറ്റിട്ടുണ്ട്. സംഘര്‍ഷം വ്യാപിക്കുന്നത് തടയുന്നതിനായി കൂടുതല്‍ പൊലീസിനെ മേഖലയില്‍ വിന്യസിച്ചു. സുഹാസ് ഷെട്ടിയുടെ കൊലപാതകികളെകുറിച്ച് കൃത്യമായി വിവരം ലഭിച്ചെന്ന് പൊലീസ് വ്യക്തമാക്കി. ആറംഗ സംഘമാണ് കൊലപാതകത്തിന് പിന്നിലെന്ന് കണ്ടെത്തിയിട്ടുണ്ട്. കേസ് അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു.