എയര്‍ ഇന്ത്യയുടെ വിമാനങ്ങളില്‍ സുരക്ഷാ വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന അന്വേഷണത്തില്‍ നിര്‍ണായക കണ്ടെത്തലുമായി വ്യോമയാന റെഗുലേറ്ററായ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ). വിമാന ജീവനക്കാരുടെ ഡ്യൂട്ടി ക്രമീകരണവുമായി ബന്ധപ്പെട്ട് ആവര്‍ത്തിച്ചുള്ള ഗുരുതരമായ ലംഘനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യയിലെ ക്രൂ റോസ്റ്ററിന്റെ ചുമതലയുള്ള മൂന്ന് ഉദ്യോഗസ്ഥരെ പുറത്താക്കാനും നിര്‍ദേശം നല്‍കി. ലൈസന്‍സ്, ജീവനക്കാരുടെ വിശ്രമം തുടങ്ങിയ കാര്യങ്ങളില്‍ വലിയ വീഴ്ച വരുത്തിയതിനാണ് നടപടി. പത്ത് ദിവസത്തിനകം നടപടിയില്‍ വിശദീകരണം നല്‍കണമെന്നാണ് ആവശ്യം.
ജീവനക്കാര്‍ക്ക് മതിയായ വിശ്രമം നല്‍കുന്നില്ലെന്ന് ഡിജിസിഎ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. ഇക്കഴിഞ്ഞ മെയ് 16,17 തീയതികളിലായി ബാംഗളൂരില്‍ നിന്ന് ലണ്ടനിലേക്ക് സര്‍വീസ് നടത്തുന്ന വിമാനത്തിലെ പൈലറ്റുമാരെ പത്ത് മണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്യിപ്പിച്ചതായി കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് എയര്‍ ഇന്ത്യയുടെ അക്കൗണ്ടബിള്‍ മാനേജര്‍ക്ക് ഡിജിസിഎ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചത്. ഏഴ് ദിവസത്തിനകം മറുപടി നല്‍കണമെന്നാണ് ഡിജിസിഎ അറിയിപ്പ്. വീഴ്ചകള്‍ ആവര്‍ത്തിച്ചാല്‍ ഓപ്പറേറ്റര്‍ ലൈസന്‍സ് റദ്ദാക്കുന്നതടക്കമുള്ള കടുത്ത നടപടിയിലേക്ക് കടക്കുമെന്നും ഡിജിസിഎ വ്യക്തമാക്കി.