ചെന്നൈ: ചെന്നൈ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ കൂറ്റന്‍ ലീഡിലേക്ക്. 227 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് നേടിയശേഷം ബംഗ്ലാദേശിനെ ഫോളോ ണ്‍ ചെയ്യിക്കാതെ രണ്ടാം ഇന്നിംഗ്‌സിനിറങ്ങിയ ഇന്ത്യ മൂന്നാം ദിനം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 129 റണ്‍സെന്ന നിലയിലാണ്. 36 റണ്‍സുമായി റിഷഭ് പന്തും 57 റണ്‍സോടെ ശുഭ്മാന്‍ ഗില്ലുമാണ് ക്രീസില്‍.
മൂന്നാം ദിനം കളിക്കിടെ ബംഗ്ലാദേശിനായി ഫീല്‍ഡ് സെറ്റ് ചെയ്ത് റിഷഭ് പന്ത് ആരാധകരെ അമ്പരിപ്പിക്കുകയും ചെയ്തു. ബാറ്റിംഗിനായി ഗാര്‍ഡ് എടുക്കുന്നതിനിടെ തന്റെ ലെഗ് സൈഡില്‍ ഒരു ഫീല്‍ഡറെ ഇടൂ എന്ന് പന്ത് ബംഗ്ലാദേശ് ബൗളറോട് പറയുകയായിരുന്നു. ലെഗ് സൈഡില്‍ ഒരാള്‍ കുറവാണെന്നും ഒരാളെ ഇവിടെ നിര്‍ത്തൂവെന്നും റിഷഭ് പന്ത് പറഞ്ഞു. പന്ത് പറഞ്ഞതുപോലെ ഒരു ഫീല്‍ഡറെ ബംഗ്ലാദേശ് ലെഗ് സൈഡില്‍ നിര്‍ത്തുകയും ചെയ്തു.
രണ്ട് സിക്‌സുകളുമായി അര്‍ധസെഞ്ചുറിയിലെത്തിയ ഗില്ലും റിഷഭ് പന്തും തമ്മിലുള്ള കൂടുക്കെട്ട് നാലാം വിക്കറ്റില്‍ ഇതുവരെ 63 റണ്‍സ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. മൂന്നാം ദിനം തുടക്കത്തിലെ വിക്കറ്റ് വീഴ്ത്തി ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കാമെന്ന ബംഗ്ലാദേശിന്റെ തന്ത്രം ഇരവരും ചേര്‍ന്ന് പൊളിച്ചു. ഇന്നലെ രാത്രി ചെന്നൈയില്‍ മഴ പെയ്തതിനാലും മൂടിക്കെട്ടിയ അന്തരീക്ഷമായതിനാലും തുടക്കത്തില്‍ പേസര്‍മാര്‍ക്ക് ആനുകൂല്യം കിട്ടുമെന്ന് കരുതിയെങ്കിലും ഇരുവരും പേസര്‍മാരെ കരുതലോടെ നേരിട്ടതോടെ ബംഗ്ലാദേശിന്റെ പിടി അയഞ്ഞു. ഏഴ് വിക്കറ്റ് ശേഷിക്കെ ഇന്ത്യക്കിപ്പോള്‍ 358 റണ്‍സിന്റെ ആകെ ലീഡുണ്ട്.