മലയാളത്തിലെ ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായ മഞ്ഞുമ്മല്‍ ബോയ്‌സ് ഇന്ത്യയെ പ്രതിനിധീകരിക്കുന്നു. കിനോബ്രാവോ ഇന്റര്‍നാഷണല്‍ മുഖ്യധാരാ ചലച്ചിത്രമേള സെപ്തംബര്‍ 28 മുതല്‍ ഒക്ടോബര്‍ 4 വരെ റഷ്യയിലെ സോചിയിലാണ് നടക്കുന്നത്. സെപ്റ്റംബര്‍ 30 ന് റെഡ് കാര്‍പെറ്റ് പ്രദര്‍ശനവും തുടര്‍ന്ന് ഒക്ടോബര്‍ 1 ന് മേളയിലെ പ്രദര്‍ശനവും ഉണ്ടായിരിക്കും.
മേളയില്‍ ഇടംനേടിയ ആദ്യ മലയാള ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്സ്. ഇത് എക്കാലത്തെയും ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മലയാളം ചിത്രവും ഇന്ത്യയിലെ മറ്റ് ഭാഗങ്ങളില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മലയാള ചിത്രവുമാണ്.
ചിദംബരം രചനയും സംവിധാനവും നിര്‍വ്വഹിച്ച ഈ സര്‍വൈവല്‍ ത്രില്ലര്‍ പറവ ഫിലിംസിന്റെ ബാനറില്‍ സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്. 2006-ലെ ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയുള്ളതാണ് ചിത്രമൊരുക്കിയത്. സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ഗണപതി എസ്. പൊതുവാള്‍, ലാല്‍ ജൂനിയര്‍, ദീപക് പറമ്പോള്‍, അഭിറാം രാധാകൃഷ്ണന്‍, അരുണ്‍ കുര്യന്‍, ഖാലിദ് റഹ്‌മാന്‍, ഷെബിന്‍ ബെന്‍സണ്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. ഈ വര്‍ഷം ഫെബ്രുവരി 22നാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്. ബോക്സ് ഓഫീസില്‍ 200 കോടിയിലധികം കളക്ഷന്‍ നേടി.
കാന്‍സ് ഐഎഫ്എഫ് 2024-ലെ ഗ്രാന്‍ഡ് പ്രിക്‌സ് ജേതാവായ ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്’ (ഫ്രാന്‍സ്, ഇന്ത്യ, നെതര്‍ലാന്‍ഡ്‌സ്, ലക്‌സംബര്‍ഗ്), മത്സരത്തിന് പുറത്തുള്ള: ഫെസ്റ്റിവല്‍ ഹിറ്റുകള്‍ പട്ടികയില്‍ പ്രദര്‍ശിപ്പിക്കും. ആര്‍.ആര്‍.ആര്‍ മത്സരത്തിന് പുറത്തുള്ളവയില്‍ പ്രദര്‍ശിപ്പിക്കും. മത്സരത്തിന് പുറത്തുള്ള ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റുകളുടെ വിഭാഗത്തിലാണ് ആര്‍.ആര്‍.ആര്‍ പ്രദര്‍ശിപ്പിക്കുക.