കാസര്‍കോട്: കാസര്‍കോട് ടൗണ്‍ പൊലീസ് സ്റ്റേഷനു സമീപത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി മൃതദേഹം പൊട്ടക്കിണറ്റില്‍ തള്ളിയ കേസിലെ പ്രതിയായ യുവാവ് വീട്ടില്‍ ഫാനില്‍ കെട്ടിത്തൂങ്ങി ജീവനൊടുക്കി. കുമ്പള, കൊടിയമ്മ, വില്‍റോഡിയിലെ മൊയ്തീന്‍-ഖദീജ ദമ്പതികളുടെ മകന്‍ മുനവര്‍ കാസിം (28) ആണ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ വീടിന്റെ സെന്‍ട്രല്‍ ഹാളിലെ ഫാനിലാണ് മുനവര്‍ കാസിമിനെ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ തന്നെ കുമ്പള സഹകരണ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കുമ്പള പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. പട്ളയിലെ ഷാനു എന്ന ഷാനവാസിനെ കൊലപ്പെടുത്തി മൃതദേഹം കാസര്‍കോട്ടെ ഒരു പൊട്ടക്കിണറ്റില്‍ തള്ളിയ കേസിലെ പ്രതിയാണ് മുനവര്‍ കാസിം. അതേസമയം മുനവര്‍ കാസിമിനെ ഷാനു കൊലക്കേസില്‍ പൊലീസ് മനഃപൂര്‍വ്വം പ്രതിയാക്കുകയായിരുന്നുവെന്നു പിതാവ് മൊയ്തീന്‍ ആരോപിച്ചു. ഓട്ടോ ഡ്രൈവര്‍ ആയിരുന്ന മുനവര്‍ വാടകയ്ക്കു ഓട്ടം പോയതായിരുന്നു. കൊലപാതകത്തെക്കുറിച്ച് അറിയില്ലായിരുന്നുവെന്നും മൊയ്തീന്‍ പറഞ്ഞു. കൊലക്കേസില്‍ പ്രതിയാക്കപ്പെട്ടതോടെ മകന്‍ മാനസികമായി തകരുകയായിരുന്നുവെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുക്താര്‍, മുംതാസ്, മുന്‍ഷീര്‍, മുനീര്‍ എന്നിവര്‍ മുനവര്‍ കാസിമിന്റെ സഹോദരങ്ങളാണ്. ഷാനു കൊലക്കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ കുമ്പള ശാന്തിപ്പള്ളത്തെ അബ്ദുല്‍ റഷീദ് എന്ന സമൂസ റഷീദ് (38) കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഒന്നിനു രാത്രി കൊല്ലപ്പെട്ടിരുന്നു. കുമ്പള ഐ.എച്ച്.ആര്‍.ഡി കോളേജിനു സമീപത്തെ കുറ്റിക്കാട്ടിലാണ് റഷീദിന്റെ മൃതദേഹം കാണപ്പെട്ടത്.
കാസര്‍കോട്ടെ ഷാനു കൊലക്കേസ് പ്രതി മുനവര്‍ കാസിം ജീവനൊടുക്കി; ആരോപണവുമായി കുടുംബം
85