Home National ടാറ്റ ഗ്രൂപ്പ് മുൻ ചെയർമാൻ രത്തൻ ടാറ്റ അന്തരിച്ചു

ടാറ്റ ഗ്രൂപ്പ് മുൻ ചെയർമാൻ രത്തൻ ടാറ്റ അന്തരിച്ചു

by KCN CHANNEL
0 comment

മുംബൈ: ഇന്ത്യയുടെ വിശ്വസ്ത വ്യവസായിക്ക്, ടാറ്റയുടെ മുൻ അമരക്കാരനു യാത്രാമൊഴി. ലോകം കീഴടക്കാൻ ടാറ്റയ്ക്കു കരുത്തേകിയ രത്തൻ ടാറ്റ (86) ഇനി ഓർമ. ടാറ്റ സൺസ് മുൻ ചെയർമാനായ അദ്ദേഹം ഇമെരിറ്റസ് ചെയർമാനായി പ്രവർത്തിച്ചുവരികയായിരുന്നു. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ രാത്രി പതിനൊന്നരയോടെയാണ് മരണം. തിങ്കളാഴ്ച പുലർച്ചെ രക്തസമ്മർദം താഴ്ന്നതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

നവൽ എച്ച്.ടാറ്റയുടെയും സൂനിയുടെയും മകനായി 1937 ഡിസംബർ 28നു ജനിച്ച രത്തൻ ടാറ്റ അവിവാഹിതനാണ്. യുഎസിൽ ആർക്കിടെക്ടായിരുന്ന അദ്ദേഹം വീട്ടുകാരുടെ നിർബന്ധത്തെത്തുടർന്ന് ഇന്ത്യയിലേക്കു മടങ്ങുകയായിരുന്നു. 1962 ൽ ടാറ്റ സ്റ്റീലിൽ ട്രെയ്നിയായി ജോലിയിൽ പ്രവേശിച്ചു. 1981 ൽ ടാറ്റ ഇൻഡസ്ട്രീസ് ചെയർമാനായി. ജെ.ആർ.ഡി.ടാറ്റയുടെ പിൻഗാമിയായി 1991 ൽ ടാറ്റയുടെ തലപ്പത്തെത്തി. ടാറ്റയെ ലോകോത്തര ബ്രാൻഡാക്കി മാറ്റുന്നതിൽ വലിയ സംഭാവനകൾ നൽകിയ രത്തൻ പുതിയ സാങ്കേതിക മേഖലകളിലേക്കു ടാറ്റ കമ്പനികളെ നയിച്ചു.

6 ഭൂഖണ്ഡങ്ങളിലായി നൂറിലേറെ രാജ്യങ്ങളിൽ പടർന്നു കിടക്കുന്നതാണ് ടാറ്റയുടെ വ്യവസായ സാമ്രാജ്യം. മാതൃകമ്പനിയായ ടാറ്റ സൺസിലെ ഏതാണ്ട് 66 ശതമാനത്തോളം ഓഹരികൾ ജീവകാരുണ്യ മേഖലയിൽ പ്രവർത്തിക്കുന്ന വിവിധ ട്രസ്റ്റുകളുടെ കൈവശമാണ്. ഒട്ടേറെ പ്രതിസന്ധികളെ അതിജീവിച്ചു ടാറ്റയെ മുന്നോട്ടുകൊണ്ടുപോകാൻ അദ്ദേഹത്തിനായി.

2000 ൽ പത്മഭൂഷണും 2008 ൽ പത്മവിഭൂഷണും ലഭിച്ചു.2012 ഡിസംബറിലാണ് അദ്ദേഹം ടാറ്റ സൺസ് ചെയർമാൻ പദവിയൊഴിഞ്ഞത്. 2017 ജനുവരിയിൽ എൻ.ചന്ദ്രശേഖരനു പദവി കൈമാറിയ അദ്ദേഹം ഇമെരിറ്റസ് ചെയർമാനായി.

You may also like

Leave a Comment