മൊഗ്രാല്‍. പൊതു ഇടങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ അധികൃതര്‍ നടപടി കടുപ്പിക്കുമ്പോഴും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വ്യാപകമായി മൊഗ്രാല്‍ ബീച്ചില്‍ തള്ളുന്നതായി പരാതി. വീടുകളിലെയും, വിവാഹം പോലുള്ള ചടങ്ങുകളിലെയും മറ്റും പ്ലാസ്റ്റിക് മാലിന്യങ്ങളാണ് കടപ്പുറത്തേക്ക് വലിച്ചെറിയുന്നതെ ന്നാണ് പരാതി. മാലിന്യം കൂട്ടിയിട്ട് ചിലര്‍ തീ ഇടുന്നതായും പറയുന്നു.
പൊതുയിടങ്ങളിലെ മാലിന്യനിക്ഷേപത്തിനെതിരെ എന്‍ഫോഴ് സ്‌മെന്റ് സ്‌ക്വാഡ് വ്യാപകമായി വന്‍പിഴ ഈടാക്കി നടപടി സ്വീകരിക്കുന്നതിനിടയിലാണ് മാലിന്യ കെട്ടുകള്‍ കടപ്പുറത്തേക്ക് എത്താന്‍ തുടങ്ങിയത്. 2025 ജനുവരി 26ന് കാസറഗോഡിനെ മാലിന്യമുക്തമായി പ്രഖ്യാപിക്കാനിരിക്കെ യാണ് ഈ മാലിന്യം തള്ളല്‍.
മാലിന്യം ശേഖരിക്കാന്‍ ഹരിത കര്‍മ്മ സേന എല്ലാ പ്രദേശങ്ങളിലും വീടുകളില്‍ എത്തുന്നുണ്ട്. പോരാത്തതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വാര്‍ഡുകള്‍ തോറും മിനി എംസിഎഫ് സ്ഥാപിച്ചിട്ടുമുണ്ട്. ഇതിനെയൊന്നും ഉപയോഗപ്പെടുത്താ തെയാണ് കടപ്പുറത്തേക്ക് മാലിന്യം വലിച്ചെറിയുന്നത്. ഇത്തരത്തില്‍ തള്ളുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കാറ്റില്‍ പറന്ന് കടലോര നിവാസികളുടെ വീട്ടുമുറ്റത്ത് എത്തുന്നതും വീട്ടുകാര്‍ക്ക് ദുരിതമാകുന്നുണ്ട്. കഴിഞ്ഞ ഗാന്ധിജയന്തി ദിനത്തില്‍ ‘മാലിന്യമുക്ത നവകേരളം” ജനകീയ ക്യാമ്പയിന്‍ സര്‍ക്കാര്‍ തലത്തില്‍ സംഘടിപ്പിച്ചിരുന്നു. ഇതൊന്നും തിരിച്ചറിയാത്തവര്‍ക്കെതിരെ മലിന്യ വിഷയത്തില്‍ കര്‍ശന നടപടി വേണമെന്നാണ് കടലോര നിവാസികളുടെ ആവശ്യം.