എഡിഎം കെ നവീന്‍ ബാബുവിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച ടിവി പ്രശാന്തനെ സസ്പെന്‍ഡ് ചെയ്ത ആരോഗ്യവകുപ്പ്. പരിയാരം മെഡിക്കല്‍ കോളജിലെ ഇലക്ട്രിക്കല്‍ വിഭാഗം ജീവനക്കാരനാണ് പ്രശാന്ത്. അവധിയിലായിരുന്ന പ്രശാന്തന്‍ ഇന്ന് ഡ്യൂട്ടിയില്‍ പ്രവേശിച്ചതോടെയാണ് വകുപ്പിന്റെ പെട്ടെന്നുള്ള നടപടി. പ്രശാന്തനെ പിരിച്ചുവിടുന്നതിനു മുന്നോടിയായാണ് നിലവിലെ സസ്‌പെന്‍ഷന്‍. സര്‍ക്കാര്‍ ജീവനക്കാരനായിരിക്കെ ഇയാള്‍ സ്വകാര്യ ബിസിനസ്സ് സംരംഭത്തില്‍ ഏര്‍പ്പെട്ടത് ഗുരുതരമായ അച്ചടക്ക ലംഘനവും പെരുമാറ്റച്ചട്ട ലംഘനവുമാണെന്ന് ഉത്തരവില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നു.
2019ല്‍ സര്‍ക്കാര്‍ ആശുപത്രി ഏറ്റെടുക്കുന്ന ഘട്ടം മുതല്‍ സ്ഥിരപ്പെടുത്തുന്ന ജീവനക്കാരുടെ പട്ടികയില്‍ ടിവി പ്രശാന്തന്‍ ഉള്‍പ്പെട്ടിരുന്നു. ആ സമയത്താണ് എഡിഎമ്മുമായി ബന്ധപ്പെട്ട കേസ് ഉയര്‍ന്നു വന്നത്. ഒക്ടോബര്‍ പത്ത് മുതല്‍ ഇയാള്‍ ആശുപത്രിയിലെ സേവനത്തില്‍ നിന്നും വിട്ടുനിന്നതായി കണ്ടെത്തിയിട്ടുണ്ട്. അഡിഷണല്‍ ചീഫ് സെക്രട്ടറി നടത്തിയ അന്വേഷണത്തിലാണ് ടിവി പ്രശാന്തന്‍ അനധികൃതമായി ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതായി കണ്ടെത്തിയത്. മാത്രവുമല്ല കൈക്കൂലി നല്‍കിയെന്ന് പരസ്യമായി പ്രഖ്യാപിച്ചതും ഇയാള്‍ക്കെതിരെ കടുത്ത നടപടിക്ക് അന്വേഷണസംഘം ശുപാര്‍ശ ചെയ്തിരുന്നു.
അഡീഷണല്‍ ചീഫ് സെക്രട്ടറി രാജന്‍ എന്‍ ഖോബ്രഗഡെയുടെ നേതൃത്വത്തിലായിരുന്നു ആരോഗ്യവകുപ്പിന്റെ അന്വേഷണം നടന്നത്. ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ടി വി പ്രശാന്തന്, അന്വേഷണ സംഘത്തിന് മുന്നിലെത്താന്‍ എന്‍ ജി ഒ യൂണിയന്‍ ഭാരവാഹികള്‍ പ്രത്യേക വഴിയൊരുക്കിയിരുന്നു.
എഡിഎമ്മിന്റെ മരണത്തിന് കാരണക്കാരായവര്‍ക്കെതിരെ അന്വേഷണം നടത്താന്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജാണ് ഉത്തരവിട്ടത്.നവീന്‍ ബാബുവിന് കൈക്കൂലി നല്‍കിയെന്ന് പ്രശാന്ത് വെളിപ്പെടുത്തിയിരുന്നു. പെട്രോള്‍ പമ്പിന് അംഗീകാരം നല്‍കുന്നതുമായി ബന്ധപ്പെട്ട് നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്നാണ് പ്രശാന്തന്‍ ആരോപിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇദ്ദേഹം മുഖ്യമന്ത്രിക്കും പരാതി നല്‍കിയിരുന്നു.
എന്നാല്‍ സംഭവത്തില്‍ പ്രശാന്തനോട് കണ്ണൂര്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ വിശദീകരണം തേടിയിരുന്നു. സര്‍ക്കാര്‍ ജീവനക്കാരനായ പ്രശാന്ത് പെട്രോള്‍ പമ്പ് തുടങ്ങിയത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി എന്‍ജിഒ അസോസിയേഷന്‍ പരാതി നല്‍കിയിരുന്നു. കൈക്കൂലി നല്‍കുന്നതും നിയമവിരുദ്ധമാണെന്നിരിക്കെ പ്രശാന്തിനെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്നും എന്‍ജിഒ അസോസിയേഷന്‍ മെഡിക്കല്‍ എജ്യുക്കേഷന്‍ ഡയറക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു.