സഹകരണ ബാങ്കിനെതിരെ ഗുരുതര ആരോപണങ്ങളുമായി ആക്ഷന്‍ കമ്മിറ്റി

കാസര്‍കോട്: മുഗു സഹകരണ ബാങ്ക് അതികൃതര്‍ പാവപ്പെട്ട ഇടപാടുകാരെ കെണിയില്‍പെടുത്തി ആത്മഹത്യയിലേക്ക് നയിക്കുകയാണെന്നും അഴിമതിയും തട്ടിപ്പും ചൂഷണവും ബാങ്കില്‍ പതിവാണെന്നും ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. ഒരു ഭാഗത്ത് ബാങ്കില്‍ സാമ്പത്തിക തിരുമറികളും അഴിമതിയും തട്ടിപ്പും അരങ്ങേറുമ്പോള്‍ മറുഭാഗത്ത് പാവപ്പെട്ട ഇടപാടുകാരെ കെണിയില്‍പെടുത്തി ആത്മഹത്യയുടെ വക്കില്‍ എത്തിക്കുകയാണ്. ഇതിനെതിരെ ശക്തമായ പ്രക്ഷേഭ പരിപാടികള്‍ ആരംഭിക്കുമെന്ന് ആക്ഷന്‍ കമ്മിറ്റി വ്യക്തമാക്കി. 5,000 രൂപ വായ്പയെടുത്ത പാവപ്പെട്ടവന്റെ കുടുംബത്തിലെ മറ്റ് അംഗങ്ങളും ഇന്ന് ലക്ഷണക്കണക്കിന് രൂപ വായ്പയെടുത്തവാരായി മാറിയ സ്ഥിതി ബാങ്ക് അധികൃതര്‍ കാണിച്ച കടുത്ത വഞ്ചനയുടെ ഫലമായി സംഭവിതച്ചതാണ്. ഈ ലക്ഷങ്ങളൊക്കെ പലിശയാണ്. ഇത്തരം പാവപ്പെട്ടവരുടെ കുടുംബങ്ങളില്‍പെട്ട പ്രായപൂര്‍ത്തിയായ എല്ലാവരെയും ബാങ്ക്വായ്പയുടെ ബാധ്യസ്ഥരാക്കി മാറ്റിയപ്പോള്‍ ആ കുടുംബനാഥന് ലഭിച്ചതാകട്ടെ ആദ്യം കിട്ടിയ വെറും 5,000 രൂപ മാത്രം.

ഇവരുടെ കുടുംബാംഗങ്ങളെ ഓരോരുത്തരായി വിളിച്ച് വരുത്തി വായ്പ പതുക്കുകയും അവസാനം വീടിന്റെ ആദാരവും കൈപറ്റി അതിന്റെ പേരിലേക്ക് വായ്പ നീക്കിവെച്ച് ഒരു തരം കൊലച്ചതി ചെയ്ത ബാങ്ക് അധികൃതരുടെ വഞ്ചന മൂലം ഇന്ന് ഈ പ്രദേശത്തെ പാവപ്പെട്ടവര്‍ കടുത്ത മാനസിക സമ്മര്‍ദ്ദങ്ങള്‍ക്കും ഇരകളായിക്കൊണ്ടിരിക്കുകയാണെന്ന് ആക്ഷന്‍ കമ്മിറ്റി ആരോപിച്ചു. വായ്പ അടക്കാന്‍ കഴിയാത്തവരെ തന്ത്രപൂര്‍വ്വം ബാങ്കില്‍ വിളിച്ച് വരുത്തി വായ്പ ഇരട്ടിയായി പുതുക്കുന്നതിന്റെ മറവിലാണ് തട്ടിപ്പ് നടക്കുന്നത്. വായ്പ 50,000 ഉള്ളത് ഇതോടെ ഇരട്ടിയായി ഒരു ലക്ഷമാകുന്നു. കൂടാതെ ഹൗസിംഗ് ലോണ്‍ നല്‍കുമ്പോള്‍ ഉപഭോക്താക്കളെ പരമാവധി ദ്രോഹിക്കുകയും അവരുടെ നിവൃത്തികേട് മുതലാക്കി പല തരത്തിലുള്ള തട്ടിപ്പുകളും തിരുമറികളും നടത്തുകയും ചെയ്യുന്നത് ഇവിടെ പതിവാണ്. നിരക്ഷരരായവര്‍ ആധാരം പണയപ്പെടുത്തി ഒരു ലക്ഷം വായ്പ ആവശ്യപ്പെട്ടാല്‍ രേഖകളില്‍ അത് ഉപഭോക്താവറിയാതെ രണ്ടുലക്ഷവും മൂന്നുലക്ഷവുമാക്കി ഉപഭോക്താവ് ആവശ്യപ്പെട്ട ഒരു ലക്ഷം അവര്‍ക്ക് നല്‍കി ബാക്കി തുക സ്വന്തം പോക്കറ്റിലേക്കിടുന്ന ഉദ്യോഗസ്ഥരും ഇവിടെ ഉണ്ടായിട്ടുണ്ട്. പിന്നീട് ഒരു വര്‍ഷം കഴിഞ്ഞ് ബാങ്കില്‍ നിന്ന് നോട്ടീസ് കൈപറ്റുമ്പോഴാണ് ഉപഭോക്താവ് ഈ ചതി അറിയുന്നത്.

ചോദ്യം ചെയ്താല്‍ അത് തെറ്റുപറ്റിപോയതാണെന്നും നിങ്ങള്‍ ഒരു ലക്ഷത്തിന്റെ പലിശ അടച്ചാല്‍ മതിയെന്നും പറഞ്ഞ് തടിയൂരും. അല്ലാത്തവര്‍ ഭീമമായ തുകയുടെ ബാങ്ക് നോട്ടീസും കൈപറ്റി നെട്ടോട്ടമോടേണ്ടി വരുന്നു. റിയല്‍ എസ്റ്റേറ്റ് കച്ചവടക്കാരുടേയും മറ്റും കള്ളപ്പണം ഇവിടെ നിക്ഷേപിച്ചതായി സംസാരമുണ്ട്. വലിയ തോതില്‍ സാമ്പത്തിക തിരുമറിയും തട്ടിപ്പും നടക്കുന്ന ഈ സഹകരണ സ്ഥാപത്തിന് ഇതുവരെ ഒരു തരത്തിലുള്ള അന്വേഷണത്തെയും നേരിടേണ്ടി വന്നിട്ടില്ല. പലപ്പോഴായി വന്ന ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളില്‍ പലരും ഇവിടെ നടന്ന തട്ടിപ്പുകളുടെ പങ്ക് പറ്റിയിട്ടുണ്ടെന്ന് ആക്ഷന്‍ കമ്മിറ്റി ആരോപിച്ചു. 2007 ല്‍ പലരുടേയും കാര്‍ഷിക വായ്പ എഴുതിത്തള്ളുകയുണ്ടായി. മുഗു ബാങ്കില്‍ പല മുതലാളിമാരുടെയും രാഷ്ട്രീയ നേതാക്കളുടെയും നിയമ പരിജ്ഞാനമുള്ളവരുടെയും ബാങ്ക് ഡയറക്ടര്‍മാരുടെ അടുപ്പകാരുടെയും ബാങ്കിലെ ഉദ്യോഗസ്ഥരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും വായ്പകളാണ് എഴുതിത്തള്ളപ്പെട്ടത്.

ഇത്തരം ഒരു ഘട്ടത്തില്‍ പാവപ്പെട്ട ഇടപാടുകാരെ ബാങ്കില്‍ വിളിച്ച് വരുത്തിയും നിരന്തരം വീടുകളില്‍ പോയി കണ്ടും നിര്‍ബന്ധിച്ച് ഒപ്പ് വാങ്ങി വായ്പ പുതുക്കിയതായി രേഖയുണ്ടാക്കി ഈ പാവങ്ങളുടെ വായ്പ തള്ളിപ്പോകാതിരിക്കാന്‍ കരുനീക്കി നാട്ടിലെ പാവങ്ങളെ ചതിക്കുകയായിരുന്നു ബാങ്ക് അധികൃതര്‍. ഇതേകുറിച്ച് സമഗ്രമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിക്കും വിജിലന്‍സിനും ജില്ലാ കളക്ടര്‍ക്കും പരാതി നല്‍കുമെന്ന് ആക്ഷന്‍ കമ്മിറ്റി വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തില്‍ ചെയര്‍മാന്‍ ഇ കെ മുഹമ്മദ്കുഞ്ഞി, കണ്‍വീനര്‍ കെ പി എം റഫീഖ് ഉറുമി, ബാങ്കിന്റെ ചൂഷണത്തിനിരയായ ഇടപാടുകാരായ അഷറഫ്, മുഹമ്മദ്കുഞ്ഞി, സി മുഹമ്മദ് എന്നിവര്‍ പങ്കെടുത്തു.

KCN

more recommended stories