സ്‌കൂളുകളില്‍ യോഗ നിര്‍ബന്ധമാക്കണമെന്ന ഹരജി സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി: രാജ്യത്ത് ഒന്നു മുതല്‍ എട്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് യോഗ വിദ്യാഭ്യാസം നിര്‍ബന്ധമാക്കാന്‍ ആവശ്യപ്പെട്ട് സമര്‍പിച്ച ഹരജി സുപ്രീം കോടതി തള്ളി. ഇത്തരം വിഷയങ്ങളില്‍ കോടതിക്ക് തീരുമാനമെടുക്കാന്‍ കഴിയില്ലെന്നും സര്‍ക്കാറാണ് തീരുമാനിക്കേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി. സ്‌കൂളുകളില്‍ എന്തെല്ലാം പഠിപ്പിക്കണമെന്ന് പറയാന്‍ തങ്ങള്‍ ആരുമല്ല. ഇത് തങ്ങളുടെ തൊഴിലല്ല. അത് എങ്ങനെ കോടതി തീരുമാനിക്കും- ജസ്റ്റിസ് എം.ബി. ലോകൂറിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ചോദിച്ചു. പരാതിക്കാരുടെ ആവശ്യം അനുവദിക്കാനാവുന്നതല്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസത്തിനുള്ള കുട്ടികളുടെ അവകാശം നിയന്ത്രിക്കുന്ന നിയമപ്രകാരം യോഗപഠനം മൗലികാവകാശമല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പറഞ്ഞിരുന്നു. ഡല്‍ഹി ബി.ജെ.പി വക്താവ് അശ്വിനി കുമാര്‍ ഉപാധ്യായയും ജെ.സി സേത്തുമാണ് ഹരജി സമര്‍പിച്ചത്. ഒന്നു മുതല്‍ എട്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് യോഗയും ആരോഗ്യ വിദ്യാഭ്യാസവും ലഭ്യമാക്കണമെന്നാണ് ഇവരുടെ ആവശ്യം. മാനവവിഭവശേഷി മന്ത്രാലയം, എന്‍.സി.ഇ.ആര്‍.ടി., എന്‍.സി.റ്റി.ഇ, സി.ബി.എസ്.ഇ എന്നിവരോട് യോഗയുടെ പുസ്തകങ്ങള്‍ നല്‍കണമെന്ന് ഉപാധ്യായ ആവശ്യപ്പെട്ടിരുന്നു. നേരത്തേ സ്‌കൂള്‍ സിലബസുകളില്‍ യോഗ ഉള്‍പ്പെടുത്തണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യമുന്നയിച്ച് മാനവവിഭവശേഷി മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചിരുന്നു. പൊലീസുകാര്‍ക്ക് യോഗ നിര്‍ബന്ധമാക്കിയിട്ടുണ്ട്.

KCN

more recommended stories