കുഴല്‍ കിണറില്‍ വീണ രണ്ടുവയസുകാരനെ രക്ഷപ്പെടുത്തി

ഹൈദരാബാദ്: കുഴല്‍ കിണറില്‍ വീണ രണ്ടുവയസുകാരനെ അത്ഭുതകരമായി രക്ഷപ്പെടുത്തി. 12 മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് കുട്ടിയെ പോറലേല്‍ക്കാതെ പുറത്തെടുക്കാനായത്. ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിലെ ഉമ്മാദിവരം ഗ്രാമത്തില്‍ കഴിഞ്ഞദിവസമാണ് സംഭവം. ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്നുമണിയോടെ കളിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് രണ്ടുവയസുകാരനായ ചന്ദ്രശേഖരന്‍ 15 അടിയോളം താഴ്ചയുള്ള കുഴല്‍ കിണറില്‍ വീണത്. തൊട്ടടുത്തുതന്നെ കുട്ടിയുടെ മാതാവ് കന്നുകാലികളെ മേയ്ക്കുന്നുണ്ടായിരുന്നു. അതേസമയം ബോറിന്റെ അടപ്പ് തുറന്നുകിടക്കുകയായിരുന്നോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തമായ വിവരം ലഭിച്ചിട്ടില്ല. അധികൃതരെ വിവരമറിയിച്ചതിനെ തുടര്‍ന്ന് ദേശീയ ദുരന്ത നിവാരണ സേനയുടെയും പോലീസിന്റെയും നേതൃത്വത്തില്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ തന്നെ ആരംഭിച്ചു.

കുഴല്‍ കിണറിലേക്ക് ഓക്സിജന്‍ എത്തിച്ച രക്ഷാ പ്രവര്‍ത്തകര്‍ സമാന്തരമായി കുഴി നിര്‍മിച്ചാണ് കുട്ടിയെ പുറത്തെടുത്തത്. കുട്ടിയുടെ മുകളിലേക്ക് മണ്ണ് വീഴാതിരിക്കാനായി ഇരുമ്പ് പാളികള്‍ ഇറക്കി വേണ്ട മുന്‍കരുതലുകളും രക്ഷാ പ്രവര്‍ത്തകര്‍ എടുത്തിരുന്നു. പ്രാഥമിക പരിശോധനയ്ക്ക് ശേഷം കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കിണറില്‍ നിന്നും പുറത്തെടുക്കുമ്പോഴും കുട്ടി പുഞ്ചിരിയോടെയാണിരുന്നതെന്നും ആരോഗ്യവാനാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. അപകടവിവരമറിഞ്ഞ് ആന്ധ്രാ ഉപമുഖ്യമന്ത്രി എന്‍ ചിനരാജപ്പ കുട്ടിയെ അപകടം കൂടാതെ പുറത്തെടുക്കാന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നു. മാത്രമല്ല ആരോഗ്യമന്ത്രി കാമിനേനി ശ്രീനിവാസും സംഭവസ്ഥലത്തേക്ക് മെഡിക്കല്‍ സംഘത്തെ അയച്ചിരുന്നു. ജില്ലാ കലക്ടര്‍ കോനാ ശശിധര്‍ അപകടവിവരമറിഞ്ഞ ഉടന്‍ സ്ഥലത്തെത്തിയിരുന്നു.

KCN

more recommended stories