സര്‍ക്കാര്‍ മുരുകന്റെ കുടുംബത്തിനൊപ്പം: പിണറായി വിജയന്‍

തിരുവനന്തപുരം: ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് മരിച്ച തമിഴ്നാട് സ്വദേശി മുരുകന്റെ കുടുംബത്തിന് എല്ലാവിധ സഹായങ്ങളും സര്‍ക്കാര്‍ ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് മുരുകന്റെ കുടുംബം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മുരുകന്റെ ഭാര്യ മുരുകമ്മാളും, സഹോദരിയും അടക്കമുള്ളവരാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.

മുരുകന്റെ മരണത്തെ തുടര്‍ന്ന് ജീവിതം വഴിമുട്ടിയ കുടുംബത്തിന് സര്‍ക്കാര്‍ എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്തുവെന്ന് സിപിഐഎം കൊല്ലം ജില്ല സെക്രട്ടറി കെ എന്‍ ബാലഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
മുരുകന്റെ കുടുംബത്തിന് സര്‍ക്കാര്‍ ആവശ്യമായ സഹായം നല്‍കുമെന്ന് ഉറപ്പാക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രി കുടുംബത്തിനുണ്ടായ ദുഖത്തില്‍ പങ്കുചേരുന്നുവെന്നും വ്യക്തമാക്കി. ഫെയ്സ്ബുക്കിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇത്തരം ദുരനുഭവം ഭാവിയില്‍ ആര്‍ക്കും ഉണ്ടാവാതിരിക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കുമെന്നും അത്യാഹിതങ്ങളുണ്ടാകുമ്പോള്‍ തീവ്രപരിചരണം ഉറപ്പാക്കാനുള്ള ഇടപെടല്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മുരുകന്റെ മരണത്തെ സംബന്ധിച്ച് അന്വേഷണം നടത്താന്‍ ഹെല്‍ത്ത് സര്‍വീസസ് ഡയറക്ടറോട് നിര്‍ദേശിച്ചതായി മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചശേഷം ഭാവിയില്‍ ഇത്തരം അനുഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുളള സംവിധാനവും ക്രമീകരണവും സര്‍ക്കാര്‍ ഉണ്ടാക്കുമെന്നും, ചികിത്സ നല്‍കാതെ രോഗിയെ തിരിച്ചയ്ക്കുന്നതു നിയമവിരുദ്ധമായതുകൊണ്ട് ബന്ധപ്പെട്ട ആശുപത്രികള്‍ക്കെതിരെ ഇതിനകം തന്നെ കേസ് എടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
ചികിത്സ നല്‍കാന്‍ സ്വകാര്യ ആശുപത്രികള്‍ വിസ്സമതിച്ചതിനെ തുടര്‍ന്ന് നാഗര്‍കോവില്‍ സ്വദേശി മുരുകന്‍ ആംബുലന്‍സില്‍ വെച്ചാണ് മരിക്കുന്നത്. ഞായറാഴ്ച രാത്രി 11ന് കൊല്ലം ചാത്തന്നൂരിന് സമീപം മുരുകനും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്കിന് പിന്നില്‍ ദമ്പതികളുടെ ബൈക്ക് ഇടിച്ചായിരുന്നു അപകടം.

KCN

more recommended stories