സ്വാശ്രയ മെഡിക്കല്‍: പ്രവേശന കരാറില്‍നിന്ന് പിന്മാറിക്കൊണ്ട് എം.ഇ.എസ്, കാരക്കോണം കോളജുകള്‍

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിന് സര്‍ക്കാറുമായി ഒപ്പിട്ട കരാറില്‍നിന്ന് പെരിന്തല്‍മണ്ണ എം.ഇ.എസ്, കാരക്കോണം സി.എസ്.ഐ മെഡിക്കല്‍ കോളജുകള്‍ പിന്മാറി. കരാറില്‍നിന്ന് പിന്മാറുന്നതായി കാണിച്ച് രണ്ട് കോളജുകളും സര്‍ക്കാറിന് കത്ത് നല്‍കി. ഇതോടെ സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിലെ പ്രതിസന്ധി അതിസങ്കീര്‍ണമായി. നിശ്ചയിച്ച പ്രവേശന നടപടികളുമായി സര്‍ക്കാറിന് മുന്നോട്ടുപോകാന്‍ കഴിയാത്ത സ്ഥിതിയായി. രണ്ട് കോളജുകള്‍ കരാറില്‍നിന്ന് പിന്മാറുന്നതോടെ 50 ശതമാനം സീറ്റില്‍ കുറഞ്ഞ ഫീസില്‍ പഠിക്കാനുള്ള വിദ്യാര്‍ഥികളുടെ അവസരവും ഇല്ലാതാകും. സര്‍ക്കാറുമായി കരാര്‍ ഒപ്പുവെച്ചത് മൂന്ന് കോളജുകള്‍ മാത്രമാണ്. അവശേഷിക്കുന്നത് സര്‍ക്കാര്‍ നിയന്ത്രിത കോളജായ പരിയാരം മാത്രമാണ്. സര്‍ക്കാറുമായി ഉണ്ടാക്കിയ കരാറിലെ ഫീസ് വ്യവസ്ഥകള്‍ ഹൈകോടതി റദ്ദുചെയ്ത സാഹചര്യത്തിലാണ് പിന്മാറ്റം എന്ന് കോളജുകള്‍ നല്‍കിയ കത്തില്‍ പറയുന്നു. പകരം 85 ശതമാനം സീറ്റിലും ഏകീകൃത ഫീസ് എന്ന രീതിയിലേക്ക് മാറാന്‍ തയാറാണെന്നും കോളജുകള്‍ വ്യക്തമാക്കി. രണ്ട് കോളജിലും 20 ശതമാനം സീറ്റുകളില്‍ ബി.പി.എല്‍/ എസ്.ഇ.ബി.സി വിദ്യാര്‍ഥികള്‍ക്ക് 25,000 രൂപയും 30 ശതമാനം സീറ്റുകളില്‍ 2.5 ലക്ഷവുമായിരുന്നു ഫീസ്. 35 ശതമാനം സീറ്റുകളില്‍ 11 ലക്ഷം രൂപ ഫീസും 11 ലക്ഷം രൂപയുടെ തിരികെ ലഭിക്കുന്ന പലിശരഹിത നിക്ഷേപവും നാലു വര്‍ഷത്തെ ഫീസിന് തുല്യമായി 44 ലക്ഷം രൂപയുടെ ബാങ്ക് ഗ്യാരണ്ടിയും നല്‍കണം. 15 ശതമാനം എന്‍.ആര്‍.ഐ സീറ്റില്‍ 15 ലക്ഷവും പലിശരഹിത നിക്ഷേപവും നാലു വര്‍ഷത്തെ ഫീസിന് തുല്യമായ തുകക്കുള്ള ബാങ്ക് ഗ്യാരണ്ടിയും വ്യവസ്ഥ ചെയ്തിരുന്നു. ഇതില്‍ 35 ശതമാനം സീറ്റുകളിലേക്ക് 11 ലക്ഷം രൂപ ഫീസ് നല്‍കാനുള്ള വ്യവസ്ഥ കോടതി റദ്ദ് ചെയ്തു. അഞ്ച് ലക്ഷം രൂപ ഫീസും ബാക്കിവരുന്ന ആറുലക്ഷം രൂപക്ക് ബാങ്ക് ഗ്യാരണ്ടി നല്‍കാനുമായിരുന്നു കോടതി നിര്‍ദേശം. ഒരു വര്‍ഷത്തെ ഫീസ് പലിശരഹിത നിക്ഷേപമായും 44 ലക്ഷം രൂപ ബാങ്ക് ഗ്യാരണ്ടിയായി നല്‍കണമെന്നുമുള്ള വ്യവസ്ഥയും കോടതി റദ്ദാക്കിയിരുന്നു. വ്യവസ്ഥകള്‍ ഏതെങ്കിലും റദ്ദാക്കിയാല്‍ മാനേജ്‌മെന്റുകള്‍ക്ക് പിന്മാറാന്‍ കരാറില്‍തന്നെ വ്യവസ്ഥയുണ്ടെന്ന് രണ്ട് കോളജ് മാനേജ്മന്റെുകളും പറയുന്നു. ഈ വ്യവസ്ഥ പ്രകാരമാണ് പിന്മാറ്റം. 11 ലക്ഷം രൂപ ഫീസുള്ള സീറ്റില്‍ ഏതെങ്കിലും ഒഴിവുവന്നാല്‍ അവയിലേക്ക് സര്‍ക്കാറിന് രണ്ടര ലക്ഷം രൂപക്ക് നികത്താമെന്ന കോടതി നിര്‍ദേശവും അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് കോളജുകള്‍ പറയുന്നത്. കോടതി നിര്‍ദേശിച്ച ഫീസില്‍ കോളജ് നടത്തിക്കൊണ്ടുപോകാന്‍ കഴിയില്ലെന്നും അതിനാലാണ് ഏകീകൃത ഫീസ് ഘടനയിലേക്ക് മാറുന്നതെന്നുമാണ് മാനേജ്‌മെന്റുകള്‍ പറയുന്നത്. എന്നാല്‍, കരാറില്‍നിന്ന് പിന്മാറരുതെന്ന് ആരോഗ്യമന്ത്രി ഇരു കോളജ് മാനേജ്‌മെന്റുകളോടും ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, കരാര്‍ വ്യവസ്ഥ റദ്ദാക്കിയ കോടതി വിധിക്കെതിരെ പെരിന്തല്‍മണ്ണ എം.ഇ.എസ് കോളജ് ഹൈകോടതിയെ സമീപിച്ചിട്ടുണ്ട്. കേസ് ഇന്ന് പരിഗണനക്ക് വന്നേക്കും. ഇതിനിടെ രണ്ടാം അലോട്ട്‌മെന്റിനുള്ള ഓപ്ഷന്‍ കണ്‍ഫര്‍മേഷന്‍ ഒരു ദിവസത്തേക്കുകൂടി നീട്ടുന്നത് സര്‍ക്കാറിന്റെ പരിഗണനയിലാണ്.

KCN

more recommended stories