മൂന്ന് വര്‍ഷത്തിനിടെ കാണാതായത് 2221 കുട്ടികള്‍; 50 പേരെ കണ്ടുകിട്ടിയില്ല

കൊച്ചി: മൂന്ന് വര്‍ഷത്തിനിടെ കാണാതായ കുട്ടികളില്‍ 50 പേരെ ഇതുവരെ കണ്ടുകിട്ടിയിട്ടില്ലെന്ന് പൊലീസ് ഹൈകോടതിയില്‍. 2014 ആഗസ്റ്റ് ഒന്നുമുതല്‍ 2017 ആഗസ്റ്റ് ഒന്നുവരെ 2221 കുട്ടികളെ കാണാതായതില്‍ 2171 പേരെ പിന്നീട് കണ്ടെത്തിയതായും പൊലീസ് സമര്‍പ്പിച്ച വിശദീകരണ പത്രികയില്‍ വ്യക്തമാക്കുന്നു.15 വയസ്സുള്ള മകന്‍ നിസാമുദ്ദീനെ ഏപ്രില്‍ എട്ടുമുതല്‍ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പിതാവ് ആലപ്പുഴ പാണാവള്ളി സ്വദേശി താജു നല്‍കിയ ഹരജിയിലാണ് എ.ഐ.ജി വി. ഗോപാലകൃഷ്ണന്റെ വിശദീകരണം. മൂന്ന് വര്‍ഷത്തിനിടെ കാണാതായ 15 വയസ്സില്‍ താഴെയുള്ള കുട്ടികളെക്കുറിച്ച വിവരങ്ങള്‍ നല്‍കാന്‍ ഹരജി പരിഗണിച്ച കോടതി ഡി.ജി.പിക്ക് നിര്‍ദേശം നല്‍കിയിരുന്നു.കാണാതായ കുട്ടികളുടെ വിവരങ്ങള്‍ പരാതി ലഭിക്കുന്ന പൊലീസ് സ്‌റ്റേഷന്‍ ഓഫിസര്‍ ദൃശ്യ, ശ്രവ്യ, അച്ചടി മാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്താറുണ്ട്. റെയില്‍വേ സ്‌റ്റേഷനുകള്‍, ബസ് ടെര്‍മിനലുകള്‍, വിമാനത്താവളങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചും വിവരം ലഭ്യമാക്കാറുണ്ട്.അന്വേഷണം നിരീക്ഷിക്കാന്‍ ജില്ലതലത്തില്‍ ക്രൈം റെക്കോഡ്‌സ് ബ്യൂറോയിലെ ഡിവൈ.എസ്.പിയെ നോഡല്‍ ഓഫിസറാക്കിയാണ് സംവിധാനം ഒരുക്കിയിട്ടുള്ളത്. കേസെടുത്ത് 15 ദിവസം കഴിഞ്ഞിട്ടും കുട്ടിയെ കണ്ടെത്തിയില്ലെങ്കില്‍ ജില്ല മിസിങ്‌പേഴ്‌സന്‍ ട്രേസിങ് യൂനിറ്റും (ഡി.എം.പി.ടി.യു) നാലുമാസം കഴിഞ്ഞാല്‍ ജില്ല മനുഷ്യക്കടത്ത് തടയല്‍ യൂനിറ്റും (ആന്റി ഹ്യൂമന്‍ ട്രാഫിക്കിങ് യൂനിറ്റ്) കേസ് ഏറ്റെടുക്കും.സംസ്ഥാന ക്രൈം റെക്കോഡ്‌സ് ബ്യൂറോയിലെ തലാഷ് വിങ് കാണാതായ കുട്ടികളുടെ വിവരം ക്രിമിനല്‍ ഇന്റലിജന്‍സ് ഗസറ്റിലും ട്രാക്ക് ദി മിസിങ് ചൈല്‍ഡ് എന്ന വെബ്‌സൈറ്റിലും പ്രസിദ്ധീകരിക്കാറുണ്ടെന്നും വിശദീകരണത്തില്‍ പറയുന്നു. കേസ് പരിഗണിച്ച കോടതി ഹരജി ആഗസ്റ്റ് 25ന് വീണ്ടും പരിഗണിക്കാനായി മാറ്റി.

KCN

more recommended stories