പെണ്‍വാണിഭക്കേസ്; രാജസ്ഥാന്‍ സ്വദേശിക്ക് ഏഴുവര്‍ഷം കഠിനതടവ്; കാസര്‍കോട് സ്വദേശിനി ഉള്‍പ്പെടെ ഏഴുപേരെ വിട്ടയച്ചു

കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും പെണ്‍വാണിഭത്തിന് ഉപയോഗിക്കുകയും ചെയ്ത കേസില്‍ മുഖ്യപ്രതിയായ രാജസ്ഥാന്‍ സ്വദേശിയെ കോടതി ഏഴുവര്‍ഷം കഠിനതടവിന് ശിക്ഷിച്ചു. രാജസ്ഥാന്‍ സ്വദേശി ഗൗതം അശോക് സിങ്ങ് വി (36)യെയാണ് കൊച്ചിയിലെ വിചാരണകോടതി ഏഴുവര്‍ഷം കഠിനതടവിന് ശിക്ഷിച്ചത്. ഈ കേസിലെ മറ്റുപ്രതികളായ കാസര്‍കോട് സ്വദേശിനി അടക്കമുള്ള ഏഴുപേരെ കോടതി തെളിവുകളുടെ അഭാവത്തില്‍ വിട്ടയച്ചു.

കാസര്‍കോട് മധൂര്‍ സ്വദേശിനിയായ അര്‍ജുനഗുളി പുഷ്പാവതി, പയ്യന്നൂര്‍ ചെറുപുഴയിലെ വിനോദ്കുമാര്‍, ജോഷി ജോസഫ്, മുഹമ്മദ് ബഷീര്‍, താഹിറ, സക്കറിയ, ഷിജി എന്നിവരെയാണ് കോടതി വിട്ടയച്ചത്. ബിസിനസ് ആവശ്യത്തിനായി കൊച്ചിയിലെത്തിയ ഗൗതം വാരാപ്പുഴയിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതായാണ് കേസ്. പെണ്‍കുട്ടിയെ രാജസ്ഥാന്‍ സ്വദേശിക്ക് കാഴ്ചവെച്ചുവെന്നതിന് പെണ്‍വാണിഭത്തിന്റെ ഇടനിലാക്കാരെന്ന് കണ്ടെത്തിയ ഏഴുപേരെയും വാരാപ്പുഴ പോലീസ് കേസില്‍ പ്രതികളാക്കുകയായിരുന്നു.

എന്നാല്‍ ഈ പ്രതികള്‍ കുറ്റം ചെയ്തുവെന്ന് കോടതിയില്‍ തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ല. വാരാപ്പുഴ പെണ്‍കുട്ടിയെ പെണ്‍വാണിഭത്തിനുപയോഗിച്ച മറ്റൊരു കേസില്‍ കുപ്രസിദ്ധ വനിതാഗുണ്ട ശോഭാജോണ്‍ പ്രതിയാണ്. ഈ കേസില്‍ ശോഭാജോണിനെ കോടതി എട്ടുവര്‍ഷം കഠിനതടവിന് ശിക്ഷിച്ചിരുന്നു.രാജസ്ഥാന്‍ സ്വദേശി പ്രതിയായ കേസുമായി ശോഭാജോണിന് ബന്ധമൊന്നുമില്ല. ഇതേ പെണ്‍കുട്ടിയുമായി ബന്ധപ്പെട്ട വേറൊരു കേസില്‍ വിചാരണ പൂര്‍ത്തിയായിട്ടുണ്ട്.

KCN

more recommended stories